എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന് അന്തർദേശീയ അംഗീകാരം

Kerala

കോതമംഗലം : അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2%ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ.പ്രസിദ്ധികരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോ. മഞ്ജു മികച്ച റാങ്ക് നേടിയത്.

മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും , കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. മഞ്ജു, 2005-ലാണ് മാർ അത്തനേഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016-ൽ അസോസിയേറ്റ് പ്രൊഫസറും, 2019ൽ പ്രൊഫസറുമായി. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, ഒരു പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യൻ.നാനോ മെറ്റീരിയൽസിന്റെ ഉത്പാദനം, സംസ്കരണം, ഉപയോഗം എന്നിവ സംബന്ധിച്ച ഗവേഷണ പഠനങ്ങളിലാണ് ഡോ മഞ്ജു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . 5 പുസ്തകങ്ങളിലെ പ്രബന്ധങ്ങൾ കൂടാതെ വിവിധ അന്തർ ദേശീയ ജേർണലുകളിലായി 61ഗവേഷണ പ്രബന്ധങ്ങളും,3 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .3 ഗവേഷകർക്ക് ഡോ. മഞ്ജുവിന്റെ
ഗവേഷണ മാർഗ നിർദേശത്തിലൂടെ പി എച്ച് ഡി ബിരുദം ലഭിച്ചിട്ടുണ്ട്.

ഡി എസ് ടി, കെ എസ് സി എസ് ടി ഇ, യു ജി സി, എം എച് ആർ ഡി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ഗവേഷണ പ്രോജക്ട്കളും പൂർത്തീകരിച്ചിട്ടുണ്ട്.ഗവേഷണ സംഭാവനകൾക്ക് പുറമേ, റിസർച്ച് ഡീൻ, എൻ ഐ ആർ എഫ് കോ-ഓർഡിനേറ്റർ, യുജിസി സെൽ കോ-ഓർഡിനേറ്റർ, ഡിഎസ്ടി കോ-ഓർഡിനേറ്റർ, ഗവേണിംഗ് & അക്കാദമിക് കൗൺസിൽ അംഗം തുടങ്ങി വിവിധ ചുമതലകൾ എം. എ. കോളേജിൽ വഹിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന രണ്ട് പുരസ്‌കാരങ്ങൾ മുൻപ് ഡോ. മഞ്ജുവിനെ തേടിയെത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയിരിക്കുന്ന 25- മത് ബർക്കുമൻസ് അവാർഡും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മികച്ച കോളേജ് അദ്ധ്യാപകർക്ക് നൽകുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരവുമാണ് ഡോ.മഞ്ജുവിന് മുൻപ് ലഭിച്ചത്.
അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചായിരുന്നു പുരസ്‌കാരം.
സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ അന്ന് മികച്ച കോളേജ് അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ടത്.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച ശാസ്ത്രഞ്ജരുടെ പട്ടികയിൽ ഇടം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും,പ്രതിഭകളെ കണ്ടെത്തി ഏറ്റവും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റാണ് കോതമംഗലം എം. എ. കോളേജ് മാനേജ്മെന്റ് എന്നും ഡോ.മഞ്ജു കുര്യൻ പറഞ്ഞു. തന്നെ ഇന്നത്തെ നല്ല അധ്യാപികയും, ഗവേഷകയും ആക്കി മാറ്റിയതിൽ തന്റെ മാതാപിതാക്കൾക്കും, കുടുംബത്തിനും, സഹപ്രവർത്തകർക്കും വലിയ പങ്കുണ്ടെന്നും ഡോ. മഞ്ജു കൂട്ടിച്ചേർത്തു.

കോലഞ്ചേരി,കാഞ്ഞിരവേലിയിൽ റിട്ട. അദ്ധ്യാപക ദമ്പതികളായ കെ. എം. കുര്യാച്ചൻ -വി. കെ സൂസൻ എന്നിവരുടെ മകളും,
കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകൻ പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിന്റെ ഭാര്യയുമാണ് .വിദ്യാർത്ഥിനികളായ അഞ്ജലി,അലീന എന്നിവർ മക്കളാണ്.അന്തർ ദേശീയ അംഗീകാരം ലഭിച്ച ഡോ. മഞ്ജു കുര്യനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് , അധ്യാപകർ , അനധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *