ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് എന്‍സിപി

National

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. വോട്ട് തേടേണ്ടത് മുന്നണിയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

‘ഏതെങ്കിലും ഒരു മുഖത്തെ മുന്നോട്ടുവെക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുന്നണിയുടെ പേരിലാണ് വോട്ട് ചോദിക്കുക. രാജ്യത്തിന് ഒരു ബദലിനെ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് കരുതുന്നത്’, ശരദ് പവാര്‍ പറഞ്ഞു.

1977ല്‍ ജനതാപാര്‍ട്ടി സഖ്യത്തില്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. അദ്ദേഹത്തിന്റെ പേര് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞിരുന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

ഇന്‍ഡ്യ മുന്നണിയുടെ നേതാവായി ചില നേതാക്കള്‍ ഖര്‍ഗെയുടെ പേര് നിര്‍ദേശിച്ചു. നിരവധി പേര്‍ അത് അംഗീകരിച്ചു. അതോടൊപ്പം തന്നെ ചിലര്‍ നിതീഷ് കുമാറിന്റെ പേര് കണ്‍വീനര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. നിതീഷ് കുമാര്‍ അത് നിരസിച്ചു. അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും ശരദ് പവാര്‍ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയും സീറ്റ് വിഭജനത്തെ ചൊല്ലിയും മുന്നണിയില്‍ തര്‍ക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളെ ശരദ് പവാര്‍ തള്ളിക്കളഞ്ഞു. സഖ്യത്തില്‍ യാതൊരു അസ്വാരസ്യങ്ങളുമില്ലെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *