ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്ങ് നാളെ. 102 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. അരുണാചൽ പ്രദേശ്, സിക്കിം എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നാളെ നടക്കും. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും നിശബ്ദ പ്രചാരണം നടത്തും.
ഏപ്രിൽ 19-ന് ആരംഭിച്ച് ജൂൺ ഒന്ന് വരെയുള്ള 44 ദിവസങ്ങൾ നീളുന്ന ദൈർഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് നാളെ തുടക്കമാകുന്നത്. രാജ്യത്തെ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 19-ന് 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. ഏറ്റവും കൂടുതൽ സീറ്റുകളിലേയ്ക്കും ഏറ്റവും അധികം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രിൽ 19ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ്. 39 സീറ്റുകളുള്ള തമിഴ്നാട്ടിലും അഞ്ച് സീറ്റുള്ള ഉത്തരാഖണ്ഡിലും നാളെ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാകും.