കുമരകം: വികസനത്തിനായി ജനം അല്പം ബുദ്ധിമുട്ട് സഹിക്കുന്നതില്‍ തെറ്റില്ല , എന്നാല്‍ വികസനത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കേണ്ട ഗതികേടിലാണ് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍. കുമരകം കോണത്താറ്റ് പാലം നിര്‍മാണം വൈകുന്നതാണ് ദുരവസ്ഥയ്ക്ക് കാരണമാകുന്നത്. സമയക്രമം പാലിക്കാത്ത ബസ്സ് ഗതാഗത സംവിധാനം, കാല്‍നട യാത്ര , ഇടുങ്ങിയ ബദല്‍ റോഡ് തുടങ്ങിവയെല്ലാം വികസനത്തിന്റെ പേരില്‍ ജനങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തുകയാണ്.
ആരംഭത്തിലേ ചുവടു പിഴച്ച പദ്ധതിയെന്നാണ് കുമരകം കോണത്താറ്റ് പാലത്തിനെ ഗ്രാമവാസികള്‍ വിശേഷിപ്പിക്കുന്നത്. 18 മാസം കരാര്‍ കാലാവധി നിശ്ചയിച്ചെങ്കിലും ആറു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് നല്‍കിയായിരുന്നു കോണത്താറ്റ് പാലം നിര്‍മാണത്തിന്റെ ആരംഭം. എന്നാല്‍ പ്രൗഢഗംഭീരമായ നിര്‍മാണ ഉദ്ഘാടനത്തിന് ആറുമാസത്തിന് ശേഷമാണ് കരാറുകാരന്‍ നിര്‍മാണ എഗ്രിമെന്റ് ഒപ്പുവെയ്ക്കുന്നത്. ഇതോടെ ആറുമാസമെന്ന ആദ്യ ഉറപ്പ് പാഴ് വാക്കായി. ഒടുവില്‍ 2022 നവംമ്പര്‍ ഒന്നാം തീയതി കോണത്താറ്റ് പാലം പൊളിച്ചു മാറ്റി നിര്‍മ്മാണം ആരംഭിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ , പാലത്തിന്റെ നിര്‍മാണം പോലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല.
ഉദ്യോഗസ്ഥ കെടുകാര്യസ്ഥത
പലതവണ തയ്യാറാക്കിയ രൂപരേഖയും ഫണ്ട് അനുമതിയുമാണ് കോണത്താറ്റ് പാലം നിര്‍മ്മാണം വൈകാന്‍ കാരണം. ഇത് സമയ ക്ലീപ്തത പാലിക്കാത്ത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്ന് പൊതുജനം പറയുന്നു. പൊതുമരാമത്ത് ഡിസൈനിംഗ് വിഭാഗത്തില്‍ നിന്നും അപ്രോച്ച് റോഡിന്റെ പ്ലാന്‍ ( നിര്‍മാണ രൂപ രേഖ) രണ്ട് തരത്തില്‍ നല്‍കിയിച്ചുണ്ട്. ഇതില്‍ ലാന്റ് സ്പാന്‍ ( പില്ലറുകളില്‍ കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ടുള്ള അപ്രോച്ച് നിര്‍മാണം)രീതിയിലാണ് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണമെന്ന് പറയുന്നു. എന്നാല്‍ പൊതുമരാമത്ത് നല്‍കിയ പ്ലാന്‍പ്രകാരം എസ്റ്റിമേറ്റ് തുക കണക്കാക്കിയിട്ടില്ല. പാലത്തിന്റെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള കമ്പി കെട്ടുന്നത് ഉള്‍പ്പെടെയുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഡിസൈൻ ലഭിച്ചാൽ മാത്രമേ പണി പൂർത്തിയാക്കാൻ കഴിയുന്ന സമയം കണക്കാക്കാൻ സാധിക്കൂവെന്നാണ് കരാറുകാരുടെ നിലപാട്. ഉദ്യാഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലങ്കില്‍ കോണത്താറ്റ് പാലവും ബാലികേറമലയാകും.
യാത്രാ ദുരിതം
നടന്ന് നടന്ന് ജനങ്ങളുടെ ജീവിതം തീരുന്ന അവസ്ഥയാണ്. പാലത്തിന്റെ അക്കയിക്കരെ യാത്ര ചെയ്യുന്ന ബസ്സുകള്‍ പാലത്തിന്റെ ഇരുകരകളിലും സര്‍വീസ് അവസാനിപ്പിക്കുകയാണ്. യാത്രക്കാര്‍ വലിയ ഭാരമുള്ള ബാഗുകള്‍ തൂക്കിയെടുത്ത് നടന്നാണ് അക്കരെയെത്തി അടുത്ത ദിശയിലേക്കുള്ള ബസില്‍ കയറി യാത്ര തുടരുന്നത്. ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും മാത്രം കടന്നു പോകുന്ന ആശുപത്രി – പോലീസ് സ്‌റ്റേഷന്‍ ലിങ്ക് റോഡ് തകര്‍ന്ന നിലയിലാണ്. സാമ്പത്തിക ലാഭത്തിനായുള്ള ബസ്സ് ഉടമകളുടെ അടവ് നയമായ പെര്‍മിറ്റ് സമയത്തുള്ള സര്‍വ്വീസ് മൂലം യാത്രയ്ക്ക് ജനങ്ങള്‍ക്ക് മണിക്കൂറുകള്‍ കാത്തു നില്‍ക്കണം. രാത്രി വൈകിയാല്‍ കോട്ടയം , ചേര്‍ത്തല , വൈക്കം എന്നിവിടങ്ങളില്‍ നിന്നും കുമരകത്ത് എത്തിച്ചേരുക ബുദ്ധിമുട്ടാണ്.
ബസ്സ് കടത്തി വിടണം
താല്‍ക്കാലിക റോഡിലൂടെ ബസ്സുകള്‍ കടത്തിവിടണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. നിലവില്‍ കൊഞ്ചുമട , അട്ടിപ്പീടിക റൂട്ടിലെ ബസ്സുകള്‍ ഇതുവഴി കടത്തി വിടുന്നുണ്ട്. താല്‍ക്കാലിക റോഡിന് ബലമില്ലെന്ന അധികൃതരുടെ വാദം നിലനില്‍ക്കെയാണ് ഈ ബസ്സുകള്‍ കടത്തിവിടുന്നത്. കൂടാതെ വലിയ സ്‌കൂള്‍ ബസ്സുകളും ഇതുവഴി കടന്ന് പോകുന്നുണ്ട്. ബസ്സുകള്‍ കടത്തിവിട്ടാല്‍ പാലം നിര്‍മാണം വൈകിയാലും ജനങ്ങള്‍ക്ക് യാത്രാ ക്ലേശ്ശം ഉണ്ടാവില്ല.