അഞ്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് 5,42,000 രൂപ നഷ്ടം. അരൂര്‍, കുത്തിയതോട് വൈദ്യുതി സെക്ഷനുകളിലെ മാത്രം നഷ്ടമാണിത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതില്‍ 5,20,000 രൂപയുടെ നഷ്ടം അരൂര്‍ സെക്ഷനില്‍ മാത്രമാണ് സംഭവിച്ചത്. പട്ടണക്കാട് സെക്ഷനിലെ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് അസി.എൻജിനീയര്‍ പറഞ്ഞു.
മരങ്ങള്‍ കടപുഴകിയും ചില്ലകളൊടിഞ്ഞു വീണും പോസ്റ്റ് ഒടിയല്‍, കമ്പി പൊട്ടല്‍, ഫീഡര്‍, ട്രാൻസ്ഫോര്‍മര്‍ തകരാറുകളുള്‍പ്പടെയാണ് ഇത്രയും തുകയുടെ നഷ്ടമുണ്ടായത്. വ്യാഴാഴ്ച തുടങ്ങിയ മഴയ്ക്ക് ചൊവാഴ്ച ശമനമുണ്ടായെങ്കിലും അരൂര്‍ മണ്ഡലത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. മാലിന്യവും എക്കലും മൂലം തോടുകള്‍ അധികവും ഒഴുക്ക് നിലച്ചിരുന്നു. നാട്ടുകാരുടെ ശ്രമഫലമായി പലയിടത്തും ഒഴുക്ക് പുനസ്ഥാപിക്കാൻ കഴിഞ്ഞത് ആശ്വാസം പകരുന്നുണ്ട്.
അതേസമയം അന്ധകാരനഴിയില്‍ യന്ത്രസഹായത്താല്‍ പൊഴിമുറിച്ചതിനാല്‍ പൊഴിച്ചാലിലൂടെ പെയ്ത്തു വെള്ളം ഒഴുകി കടലിലേക്ക് പോകുന്നുണ്ട്. രണ്ടു ദിവസം പൂര്‍ണമായി മഴ മാറിനിന്നെങ്കില്‍ മാത്രമേ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം വറ്റുകയുള്ളൂയെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍ വേമ്പനാട്ടു കായലില്‍ വേലിയേറ്റം തുടരുന്നതിനാല്‍ കായലോര വാസികള്‍ക്ക് ദുരിതമാണ്.