കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ അപകടക്കെണിയായി ഓരാടംപാലം

Kerala

അങ്ങാടിപ്പുറം: നിയന്ത്രണം വിട്ട് ചരക്ക് ലോറികളോ യാത്രാ വാഹനങ്ങളോ ഓരാടംപാലത്തിൽ നിന്ന് തോട്ടിൽ വീണു എന്ന തലക്കെട്ടിൽ വാർത്ത വന്നാൽ അങ്ങാടിപ്പുറത്തുകാർക്ക് വലിയ അതിശയം തോന്നാറില്ല. പതിറ്റാണ്ടുകളായി കാണുന്നതും കേൾക്കുന്നതുമാണത്. പാലക്കാട് കോഴിക്കോട് ദേശീയപാത 966ൽ അപകടക്കെണിയായി തുടരുകയാണ് ഈ ചെറിയ പാലം. പുതുക്കി പണിയാനുള്ള പദ്ധതി അഞ്ചുവർഷം മുമ്പ് തയാറാക്കിയതാണ്.

ദേശീയ പാതയിൽ ഉപരിതല ഗതാഗത വകുപ്പ് നടത്തി വന്ന പ്രവൃത്തികൾക്കൊപ്പം പൂർത്തിയാക്കാൻ വേണ്ടി സമർപ്പിച്ചതാണ് നാട്ടുകല്ലിലെ മണലുമ്പുറം പാലവും ഓരാടം പാലവും. ഓരാടം പാലത്തിന് വേണ്ടത്ര വീതിയില്ല. നൂറു വർഷത്തോളം മുമ്പ് നിർമിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് പലപ്പോഴായി വീതി കൂട്ടിയപ്പോഴും പാലം അതേപടി തുടർന്നു. വീതിക്കുറവും വളവും ചേർന്നു വരുന്നത് ഇവിടെ നടന്ന അപകടത്തിന് കൈയും കണക്കുമില്ല. മിക്കപ്പോഴും പാലത്തിന്റെ കൈവരി തകർത്ത് ചരക്ക് ലോറിയോ യാത്രാ വാഹനമോ താഴേ ചെറുപുഴയെന്ന തോട്ടിൽ പതിക്കും.

2018 അവസാനം വെള്ളപ്പൊക്ക ദുരിതം വിലയിരുത്താൻ എത്തിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഓരാടംപാലം പുതുക്കി നിർമിക്കാൻ അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ നിർദേശിച്ചിരുന്നു.

പദ്ധതി ഡൽഹിയിലെ കേന്ദ്ര ഓഫിസിലേക്ക് അയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. അതിനിടെ സംസ്ഥാന മരാമത്ത് വകുപ്പിൽ നിന്ന് എൻ.എച്ച്.എ ഏറ്റെടുത്ത ദേശീയ പാതകളുടെ പട്ടികയിൽ ഈ റോഡും വന്നു. ഇനി ഇതിൽ ഒരുരൂപ ചെലവിടാൻ ദേശീയപാത അതോറിറ്റി മനസ്സു വെക്കണം.

Leave a Reply

Your email address will not be published. Required fields are marked *