കോഴിക്കോട്: ഗോഡ്‌സെയെ മഹത്‌വത്കരിച്ച കോഴിക്കോട് എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു.കോഴിക്കോട് എൻഐടിക്ക് മുന്നില്‍ എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തില്‍ ഗോഡ്‌സെയുടെ ചിത്രം കത്തിച്ചു.
ഗാന്ധിയെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയാണ് ഗോഡ്സെയെന്നും അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ശക്തമായ സമരം നടത്തുമെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു.
നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ എന്ന കുറിപ്പോടെ അഭിഭാഷകനായ കൃഷ്ണരാജ് പോസ്റ്റുചെയ്ത ഗോഡ്സെയുടെ ചിത്രത്തിനുതാഴെയാണ് ഷൈജ ആണ്ടവൻ കമന്‍റിട്ടത്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട് എന്നായിരുന്നു കമന്‍റ്. സംഭവം വിവാദമായതോടെ ഷൈജ കമന്‍റ് ഡിലീറ്റ് ചെയ്തിരുന്നു.
അധ്യാപികയില്‍ നിന്ന് വിശദീകരണം തേടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എന്‍ഐടി ഡയറക്ടര്‍ പറഞ്ഞു. ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എം.കെ.രാഘവന്‍ എംപി നല്‍കിയ കത്തിനാണ് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ മറുപടി നല്‍കിയത്.
അതേസമയം ഷൈജാ ആണ്ടവന്‍റെ അക്കൗണ്ട് വിവരങ്ങള്‍ തേടി കുന്ദമംഗലം പോലീസ് ഫേസ്ബുക്കിനെ സമീപിച്ചു. അക്കൗണ്ട് വിവരങ്ങളും ഐപി അഡ്രസും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ക്കായാണ് ഫേസ്ബുക്കിനെ സമീപിച്ചത്.