മണിപ്പൂര്‍ വിഷയത്തില്‍ മോഡിയെ കുറ്റപ്പെടുത്തി ഖാര്‍ഗെ

National

ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കലാപം നിയന്ത്രിക്കുന്നതിന്റെ ആദ്യപടിയായി ‘കഴിവില്ലാത്ത’ ബിജെപി മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ആയുധമാക്കിയെന്നും, മണിപ്പൂരിനെ ബിജെപി യുദ്ധക്കളമാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജൂലൈ ആറ് മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ചൊവ്വാഴ്ച രാത്രി ഇംഫാലിലെ സിംഗ്ജമേയ് പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതോടെ പോലീസ് പ്രക്ഷോഭകര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. ഇതില്‍ 45ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്.

‘147 ദിവസമായി മണിപ്പൂരിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്, എന്നാല്‍ പ്രധാനമന്ത്രി മോദിക്ക് സംസ്ഥാനം സന്ദര്‍ശിക്കാന്‍ സമയമില്ല. ഈ അക്രമത്തില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നതിന്റെ ഭയാനകമായ ചിത്രങ്ങള്‍ വീണ്ടും രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നു’ അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.

‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഈ സംഘര്‍ഷത്തില്‍ ആയുധമാക്കിയെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ശാന്തമായി പോവേണ്ട ഒരു സംസ്ഥാനം കലാപത്തിൽ മുങ്ങി നില്‍ക്കുന്നത്‌ ബിജെപി കാരണമെന്നും ഖാര്‍ഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *