പാലക്കാട് : ഡോ.എം.എ.ഖാദർ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിന്റെ ഡിടിപി ചെലവ് നാലു ലക്ഷത്തിലേറെ രൂപ. നിയമസഭാ ചോദ്യത്തിന് മന്ത്രി വി.ശിവൻകുട്ടി നൽകിയ ഉത്തരത്തിലാണ് 4,17,789 രൂപ ഡിടിപി ചെലവ് അനുവദിച്ചതായി വ്യക്തമാക്കിയത്. സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം പഠിക്കാൻ നിയോഗിക്കപ്പെട്ടതാണ് ഖാദർ കമ്മിറ്റി.
125 പേജുള്ള ഒന്നാം ഭാഗത്തിന്റെയും പുറത്തുവിടാത്ത രണ്ടാം ഭാഗത്തിന്റെയും ഡിടിപി ചെലവാണ് ഇത്രയും തുക. ഉച്ചഭക്ഷണം കൊടുക്കാൻ ഒരു കുട്ടിക്ക് ദിവസം വെറും എട്ടു രൂപ അനുവദിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഒരു പേജ് പ്രിന്റെടുക്കാൻ ഇത്രയും തുക നൽകിയത് ധൂർത്താണെന്ന് ആക്ഷേപം ഉയർന്നു.
രണ്ടു ഭാഗവും കൂടി 250 പേജെന്ന് കണക്കുകൂട്ടിയാൽ ഒരു പേജിന് സർക്കാർ നൽകിയത് 1671 രൂപ ആണ്. പ്രിന്റിങ്ങിന് 72,461 രൂപയും പരിഭാഷയ്ക്ക് 18,000 രൂപയും വേറെയും അനുവദിച്ചു. മൂന്നംഗ ഖാദർ കമ്മിറ്റിക്കായി സർക്കാർ ആകെ ചെലവഴിച്ചത് 14,16,814 രൂപയാണ്. സിറ്റിങ്ങുകളുടെ എണ്ണം സംബന്ധിച്ച് മൂന്ന് അംഗങ്ങളും മൂന്നു കണക്കാണു നൽകിയിരിക്കുന്നത്. ചെയർമാനായ ഡോ. എം.എ.ഖാദർ ഒരു സിറ്റിങ്ങിന് 2000 രൂപ തോതിൽ 69 സിറ്റിങ്ങിന് 1.38 ലക്ഷം രൂപയും 67,508 രൂപ യാത്രാബത്തയും കൈപ്പറ്റി.
ഡോ.സി.രാമകൃഷ്ണൻ 76 സിറ്റിങ്ങിന് 1.52 ലക്ഷം രൂപയും 16,838 രൂപ യാത്രാബത്തയും കൈപ്പറ്റി. ജി.ജ്യോതിചൂഡൻ 70 സിറ്റിങ്ങിന് 1.40 ലക്ഷം രൂപ കൈപ്പറ്റി. യാത്രാബത്ത വാങ്ങിയിട്ടില്ല. ഇതിനു പുറമേ ടാക്സി കൂലിയായി കമ്മിറ്റി 1,21,690 രൂപ കൈപ്പറ്റിയിട്ടുണ്ട്.