ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ അടിമുടി പരിഷ്കരണത്തിന് ഒരുങ്ങുന്നു. എല്ലാ തീവണ്ടികൾക്കും ഓട്ടോമാറ്റിക് വാതിലുകൾ, പെട്ടെന്നുണ്ടാകുന്ന ജെർക്കുകളിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെർക്ക് കപ്ളേഴ്സ്, കൂടുതൽ വേഗം സാധ്യമാക്കാൻ ഒരു തീവണ്ടിയ്ക്ക് രണ്ട് എൻജിനുകൾ തുടങ്ങിയവ നടപ്പാക്കാൻ റെയിൽവേ ഒരുങ്ങുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് എൻജിനുകൾ, ഒന്ന് തീവണ്ടിയുടെ മുൻപിലും മറ്റൊന്ന് പിന്നിലും സ്ഥാപിക്കുക വഴി വന്ദേ ഭാരത് തീവണ്ടികളുടേതിന് സമാനമായി വേഗം കൂട്ടലും കുറയ്ക്കലും എളുപ്പത്തിൽ സാധ്യമാകും. മാത്രമല്ല, യാത്രാ സമയം കുറയ്ക്കാനും ഇത് സഹായിക്കും.
ഭാവിയിൽ അറ്റകുറ്റപ്പണികളുടെ ചെലവു കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ് പാസഞ്ചർ-ചരക്ക് തീവണ്ടികൾ നവീകരിക്കുന്നത്. സാധാരണക്കാരായ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് ആളുകൾക്കായി സ്പെഷൽ തീവണ്ടികൾ അവതരിപ്പിക്കാനും റെയിൽവേ ഉദ്ദേശിക്കുന്നുണ്ട്. ബിഹാർ, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ഹരിയാണ, പശ്ചിമ ബംഗാൾ തുടങ്ങിയിടങ്ങളിലാണ് ഇത്തരം സ്ഥിരം തീവണ്ടി സർവീസുകൾ ആരംഭിക്കുക. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള, വരുമാനംകുറഞ്ഞ ആളുകൾ ഉപജീവനമാർഗം തേടി വിവിധ മെട്രോ നഗരങ്ങളിലേക്ക് സഞ്ചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.