തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 ൽ നിന്നും ഇന്ന് മുതൽ ക്രെയിനുകൾ ഇറക്കി തുടങ്ങും. ഇതിനായി കപ്പലിനെ ബർത്തിന് സമീപത്തേക്ക് കൂടുതൽ അടുപ്പിച്ചു. കപ്പലിന് സമീപത്തേക്ക് യാർഡിൽ നിന്ന് റെയിലും ഘടിപ്പിച്ചു. മൂന്ന് ക്രെയിനുകൾ ആണ് കപ്പലിൽ ഉള്ളത്. ഇതിൽ യാർഡിൽ ഉപയോഗിക്കാനായി കൊണ്ട് വന്ന രണ്ട് റെയിൽ മൗണ്ടട് ഗാൻട്രി ക്രെയിനുകളിൽ ഒന്നാണ് ആദ്യം ഇറക്കുന്നത്.
രാവിലെ 10 മണി മുതൽ ഇതിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. രണ്ട് ആർഎംജി ക്രെയിനുകൾ ഇറക്കിയ ശേഷമാകും ഷിപ്പ് ടു ഷോർ ക്രെയിൻ ഇറക്കുക. ക്രെയിനുകൾ ഇറക്കുന്നതിനായി കപ്പലിൻ്റെയും ബർത്തിൻ്റെയും ഉയരം ഒരു പോലെയാക്കി ക്രമീകരിച്ചിട്ടുണ്ട്. കപ്പലിന് ഉള്ളിൽ കടൽ വെള്ളം നിറച്ചാണ് ഉയരം ക്രമീകരിച്ചത്.