ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനക്രമത്തിൽ മാറ്റം

Breaking Kerala

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലുള്ള ദർശനക്രമത്തിൽ മാറ്റം വരുത്തുന്നതായി അധികൃതർ അറിയിച്ചു. ചിങ്ങപ്പിറവി ദിനമായ വ്യാഴാഴ്ച മുതൽ രീതികൾ മുഴുവനായും മാറും. ഭക്തർക്ക് കൂടുതൽ ദർശന സൗകര്യം ലഭിക്കുന്നതിനാണ് രീതികൾ മാറ്റുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ തെക്ക് കുലശേഖര മണ്ഡപത്തിനരികിലൂടെ അകത്ത് കിഴക്കേ നടയിലെത്തി നരസിംഹമൂർത്തിയെ വണങ്ങിയ ശേഷം ഒറ്റക്കൽ മണ്ഡപത്തിൽ കയറി വടക്കു ഭാഗത്തു കൂടെ പുറത്തിറങ്ങുന്ന രീതിയാണ്. ഈ രീതിയ്ക്കാണ് ഇപ്പോൾ മാറ്റം വരുത്തനൊരുങ്ങുന്നത്. കിഴക്കു ഭാഗത്തു നിന്നെത്തുന്ന ഭക്തരുടെ നിര ആലുവിളക്ക് ചുറ്റി വടക്കുഭാഗം വഴി ശ്രീകോവിലിൽ പ്രവേശിക്കും. ശ്രീരാമസ്വാമി, വിഷ്വക്സേന മൂർത്തി എന്നിവരെ തൊഴുത ശേഷം ശ്രീപദ്മനാഭന്റെ പാദ ഭാഗത്തു കൂടി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. പിന്നീട് ശിരോഭാഗം തൊഴുത് തെക്കേനടയിലൂടെ നരസിംഹമൂർത്തിയെ വണങ്ങി പ്രദക്ഷിണമായി വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി. അർച്ചന പ്രസാദം ക്ഷേത്രത്തിന് പുറകിലുള്ള മണ്ഡപത്തിൽ വച്ചാകും വിതരണം.

ശ്രീപദ്മനാഭസ്വാമിയെ തൊഴുന്നത് പാദഭാഗത്തുനിന്നാണോ അതോ തിരുമുഖത്ത് നിന്നാണോ എന്ന കാര്യത്തിൽ ഭക്തർക്കിടയിൽ ചർച്ച തുടരുന്നുണ്ട്. ശ്രീ പദ്മനാഭനെ തൊഴുന്ന രീതി വ്യക്തമാക്കി പൂജാചുമതലയുള്ള നമ്പി മഠത്തിന്റെ അഭിപ്രായം പുറത്ത് വന്നിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഒരാൾ ആദ്യം തൊഴേണ്ടത് തിരുവമ്പാടി ശ്രീകൃഷ്ണനെയാണ്. തുടർന്ന് ക്ഷേത്രപാലനെ വണങ്ങണം. അതിനുശേഷം കിഴക്കേനടയിലെത്തി സ്വർണകൊടിമരത്തെ പ്രദക്ഷിണം ചെയ്ത് ഇടത്തോട്ട് തിരിഞ്ഞ് ശാസ്താവിനെ വണങ്ങണം. ശേഷം വടക്കേ നടവഴി അകത്തേക്കു കയറി നരസിംഹ സ്വാമി, വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരെ തൊഴുത് പ്രദക്ഷിണമായി വരണം. തുടർന്ന് ശ്രീരാമൻ, സീത, ലക്ഷ്മണാദികളെയും നിർമ്മാല്യധാരിയായ വിഷ്വക്സേനനെയും വണങ്ങി വേണം ശ്രീപദ്മനാഭന്റെ സവിധമെത്താൻ. ആദ്യം പാദവും പിന്നീട് ഉടലും തുടർന്ന് ശിരസും തൊഴണം എന്നാണ് നമ്പി മഠം വ്യക്തമാക്കുന്നത്. എല്ലാ ദേവതകളുടെയും സങ്കൽപം ശ്രീകോവിലിനുള്ളിലുണ്ട്. അനന്തശയനത്തിന്റെ നടുവിലായി ശ്രീദേവി, ഭൂദേവി വിഷ്ണു (അഭിഷേക വിഗ്രഹം), വലതുവശത്ത് കടുശർക്കരയോഗത്തിൽ പ്രതിഷ്ഠിതമായ ശ്രീദേവിയുടെ മറ്റൊരു വിഗ്രഹം കാണാം. വടക്കുഭാഗത്തും ഇത്തരത്തിൽ ഭൂമിദേവിയേയും കാണാം. പദ്മനാഭന്റെ കൈയ്ക്കുള്ളിൽ ശിവലിംഗം, നാഭിയിൽ ബ്രഹ്മാവ്, ചുമരിൽ സപ്തഋഷികൾ, അഷ്ഠായുധങ്ങൾ, സൂര്യചന്ദ്രന്മാർ, നാരദൻ, മധുകൈടഭർ എന്നിവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *