തൃശ്ശൂർ : ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് നാഥനില്ലാതായ തൃശൂർ ഡി.സി.സിക്കും യു.ഡി.എഫിനും ഒടുവിൽ ആശ്വാസം.തൃശൂർ ഡി.സി.സി പ്രസിഡന്റായി നിലവിൽ ഡി.സി.സിയുടെ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റിനെ നിയമിച്ചു. എ ഗ്രൂപ്പുകാരനായിരുന്ന ജോസഫ് ടാജറ്റ് ഇപ്പോൾ കെ.സി വിഭാഗത്തിനൊപ്പം നിൽക്കുന്ന എ വിഭാഗത്തിന്റെ ജില്ലയിലെ നേതാവാണ്.
യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് മുൻ എം.എൽ.എയും മുതിർന്ന നേതാവും കെ.മുരളീധരൻ നേതാവുമായ ടി.വി ചന്ദ്രമോഹനെയും നിയമിച്ചു. ജോസഫ് ടാജറ്റിന്റെ നിയമനം എ.ഐ.സി.സി അംഗീകരിച്ചു. ഇതോടൊപ്പം തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുള്ള തർക്കത്തിൽ സസ്പെൻഷനിലായ ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറ അടക്കമുള്ള കെ.മുരളീധരൻ അനുകൂലികൾക്കെതിരായ അച്ചടക്ക നടപടിയും പിൻവലിക്കും. ഡി.സി.സി പ്രസിഡന്റ് പദവിയിൽ താൽക്കാലിക ചുമതല വഹിക്കുന്ന വി.കെ.ശ്രീകണ്ഠൻ എം.പി പദവിയിൽ തുടരാൻ കഴിയില്ലെന്ന് നേതാക്കളെ അറിയിച്ച സാഹചര്യത്തിലാണ് ഒടുവിൽ നിയമനത്തിന് തീരുമാനമായത്.
അനിൽ അക്കരയെ ഡി.സി.സി പ്രസിഡന്റാക്കുന്നതിന് ടി.എൻ പ്രതാപൻ സമ്മർദം ചെലുത്തിയെങ്കിലും മുൻ എം.എൽ.എയും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ എം.പി.വിൻസെന്റിനെ ഇടപെടൽ നിർണായകമായി. ജോസ് വള്ളൂരിനെ വീണ്ടും ഡി.സി.സി പ്രസിഡന്റാക്കണമെന്ന കെ.സുധാകരന്റെ നീക്കവും നടന്നില്ല. അതെ സമയം ലോകസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചുവെന്ന് കെ.മുരളീധരൻ പരാതിപ്പെട്ടതിൽ ആരോപണ വിധേയർ തന്നെ ചേലക്കര തെരഞ്ഞെടുപ്പിലെ തോൽവിക്കും കാരണമായെന്നാണ് എ.ഐ.സി.സിയുടെ നിരീക്ഷക വിഭാഗത്തിന്റെ കണ്ടെത്തൽ.