കൊച്ചി: ‘സ്വച്ഛതാ ഹി സേവ’ പരിപാടിയുടെ ഭാഗമായി എറണാകുളം ജംഗ്ഷൻ, ചേങ്ങന്നൂർ സ്റ്റേഷനുകളിൽ പ്രധാന ശുചിത്വ പ്രവർത്തനങ്ങൾ നടന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ നടന്ന ‘ശുചിത്വമാണ് സേവനം’ പരിപാടിക്ക് നേതൃത്വം നൽകി. ഗാന്ധി, കൃഷ്ണ, സുഭാഷിണി എന്നീ പേരുകളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ‘ഏക് പേട് മാ കേ നാം’ എന്ന പദ്ധതിയുടെ ഭാഗമായി ശുചിത്വ മൂല്യങ്ങൾക്കൊപ്പം പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
റെയിൽവേ ഓഫീസർമാരായ പ്രമോദ് പി. ഷേണായ്, ഗോകുൽ, റെയിൽവേ ജീവനക്കാരും, ഐഓസി, ബിപിസിഎൽ, എച്ച്പിസിൽ കമ്പനി പ്രതിനിധികൾ, കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ രവിക്ക് ഒപ്പം കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും, എൻ.സി.സി കമാൻഡറും, കേരളാ ബറ്റാലിയൻ കേഡറ്റുകളും എറണാകുളം ജംഗ്ഷൻ സ്റ്റേഷൻ പരിസരത്ത് നടന്ന ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തു. ശുചിത്വ മൂല്യങ്ങൾ കുട്ടികളിൽ വളർത്താൻ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ, കൊച്ചിൻ റിഫൈനറി സ്കൂൾ എന്നിവയിലെ കുട്ടികൾക്കും എൻ.സി.സി കേഡറ്റുകൾക്കും മറ്റു പങ്കെടുത്തവർക്കും ചെടികൾ വിതരണം ചെയ്തു.