പരാതി രഹിതമായി ശബരിമല തീർഥാടനകാലം പൂർത്തിയാക്കിയത് ചരിത്ര മുഹൂർത്തമായി മാറിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദർശനത്തിനെത്തിയ ഭക്തർ സംതൃപ്തിയോടെയാണ് മലയിറങ്ങിയത്. ഇതിന് കാരണമായത് 25 വകുപ്പുകളുടെ കൂട്ടായ പരിശ്രമമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
55 ലക്ഷം ഭക്തരാണ് ശബരിമല ദർശനത്തിന് എത്തിയത്. വരുമാനത്തിൽ 86 കോടിയുടെ വർദ്ധനവുണ്ടായെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. 147 കോടി രൂപയാണ് തീർഥാടനകാലത്തെ ചെലവ്. വരവ് 440 കോടി രൂപയും. അരവണ വില്പനയിലൂടെ ലഭിച്ചത് 196 കോടിയുടെ വരുമാനം. 44 കോടിരൂപയുടെ അധിക വരുമാനമാണ് അരവണയിലൂടെ സന്നിധാനത്തിന് ലഭിച്ചത്. 126 കോടി രൂപയാണ് കാണിക്ക ഇനത്തിൽ ലഭിച്ചത്.
ആഗോള അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും വിഷു മഹോത്സവത്തിനോടനുബന്ധിച്ച് ആയിരിക്കും ഇത് നടത്തുക എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. 50ലധികം രാജ്യങ്ങളിൽ നിന്നുള്ളവരെ ശബരിമലയിലേക്ക് എത്തിക്കും. ശബരിമലയുടെ വികസനത്തിനായി പ്രത്യേക നിധി ആരംഭിക്കുമെന്നും അയ്യപ്പൻറെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റ് വിഷുവിന് കൈനീട്ടമായി നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമലയിൽ പൂർണമായും സോളാർ പാനൽ സ്ഥാപിക്കും. മാർച്ച് 31ന് മുൻപായി ഡി പി ആർ തയ്യാറാക്കി നൽകും. ഫെഡറൽ ബാങ്ക് നൽകുന്ന സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുക. ദേവസ്വം ബോർഡിന് സാമ്പത്തിക ചെലവില്ലാതെയാകും ഇത് നടപ്പാക്കുക എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.