‘കേരള റേഷൻ പൊതുവിതരണം കേന്ദ്രത്തിന് വരെ മാതൃക’;മന്ത്രി ജിആർ അനിൽ

Kerala

കഴിഞ്ഞ നാല് വർഷക്കാലമായി മുൻഗണന പട്ടികയുടെ ശുദ്ധീകരണം നടത്തി വരികയാണെന്ന് മന്ത്രി ജിആർ അനിൽ. മുൻഗണന റേഷൻ കാർഡുകളുടെ സംസ്ഥാന തല വിതരണ ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോ‍ഴും 2011 സെൻസസ് കണക്ക് അനുസരിച്ചാണ് സംസ്ഥാനത്തിന് കേന്ദ്രം ഭഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം നിരവധി തവണ കേന്ദ്രത്തെ അറിയിച്ചു. കേന്ദ്ര ഭക്ഷ്യ മന്ത്രിയെ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് കണ്ടത്.

പുതിയ സെൻസസ് വരും പ്രകാരമേ കണക്കിൽ മാറ്റം വരുത്താൻ കഴിയൂ എന്നാണ് കേന്ദ്രത്തിൽ നിന്നുള്ള മറുപടി. പൊതുവിതരണ രംഗത്ത് 83 ലക്ഷം കുടുംബങ്ങൾ സാധനങ്ങൾ വാങ്ങി വരികയാണെന്നും മന്ത്രി അറിയിച്ചു. 55157 അന്ത്യോദയ അന്നയോജന കാർഡ് വിതരണം ചെയ്തു.

കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന ഭഷ്യധാന്യങ്ങൾ കൊണ്ട് വരുന്ന ഗതാഗത ചെലവ് സംസ്ഥാന സർക്കാർ ആണ് വഹിക്കേണ്ടി വരുന്നത്. ഒരു ചെറിയ ഭാഗം മാത്രമാണ് കേന്ദ്രം വഹിക്കുന്നത്. ബാക്കി ബാധ്യത മുഴുവൻ സംസ്ഥാന സർക്കാർ ആണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റേഷൻ മസ്റ്ററിങ് നല്ല രീതിയിൽ നടന്നു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. 93 ശതമാനത്തോളം ആളുകൾ ഇതുവരെ മസ്റ്ററിങ് നടത്തിയിട്ടുണ്ട്. ബാക്കിയുള്ള 7% ആളുകൾ മാർച്ചിനകം തന്നെ മസ്റ്ററിങ്ങിൽ പങ്കെടുത്തേ മതിയാകൂ എന്നും മന്ത്രി അറിയിച്ചു. അല്ലെങ്കിൽ അവരുടെ വിഹിതം നല്കരുതെന്നാണ് കേന്ദ്ര നിർദേശമെന്നും മന്ത്രി വ്യക്തമാക്കി. കേരള പൊതുവിതരണം കേന്ദ്രത്തിന് വരെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. റേഷൻ കാർഡ് ശുദ്ധീകരണ പ്രവർത്തനം ഇവിടെ നിർത്തില്ലെന്നും ഇനിയും തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *