ത്യാഗ സ്മരണ പുതുക്കി ഇന്ന് ബലി പെരുന്നാൾ ദിനം. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ. തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ബലി പെരുന്നാൾ ആചരിക്കുന്നു.പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മായേലിനെ ദൈവകല്പന അനുസരിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഏറെ പ്രാർത്ഥനകൾക്ക് ശേഷം ലഭിച്ച കുഞ്ഞിനെ ദൈവം തിരിച്ചു ചോദിച്ചപ്പോൾ ഭക്തി പൂർവ്വം തിരിച്ചു നൽകാൻ തയ്യാറായി എന്നതാണ് ഇബ്രാഹിം നബിയുടെ പ്രത്യേകത. ആറ്റു നോറ്റുണ്ടായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടും ദൈവത്തിന്റെ കല്പന അനുസരിക്കാൻ മടി കാണിച്ചില്ല. എല്ലാം ദൈവമാണ്, ദൈവം തന്നത് തിരികെ നൽകാൻ താൻ ബാധ്യസ്ഥനാണ് എന്ന് ഇബ്രാഹിം വിശ്വസിച്ചു. എന്നാൽ വിശ്വാസത്തിന്റെ ആഴം അളക്കാനുള്ള ദൈവത്തിന്റെ പരീക്ഷണമായിരുന്നു അത്. ഈ പരീക്ഷണത്തിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
മനുഷ്യൻ സ്വതന്ത്രനായി ജനിക്കുകയും സ്വതന്ത്രനായി മടങ്ങി പോവുകയുമാണ് ചെയ്യുന്നത്, അതിനിടെയുള്ള ജീവിത ഘട്ടത്തിൽ ലഭിക്കുന്ന ഓരോന്നും ദൈവത്തിന്റെ കരുണയാണ് എന്ന വലിയ പാഠമാണ് ഇബ്രാഹിം നബി നൽകുന്നത്. അതിനാൽ കറകളഞ്ഞ ഭക്തിയുള്ള, ദൈവത്തിനായി സ്വയം സമർപ്പിക്കാൻ പോലും തയ്യാറാകുന്ന തികഞ്ഞ ദൈവ വിശ്വാസിയുടെ ഓർമപ്പെടുത്തൽ ദിനമായി ബലി പെരുന്നാൾ കരുതി പോരുന്നു. ഈദുൽ അദ്ഹ, ഹജ്ജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും ഈ പുണ്യ ദിനം അറിയപ്പെടുന്നു.