മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: സഹായമെവിടെ…?; കേന്ദ്രത്തോട് ഹൈക്കോടതി

Kerala

കൊച്ചി: വയനാട്ടിൽ കേന്ദ്രസഹായം വൈകുന്നതിൽ വിശദീകരണം തേടി ഹൈക്കോടതി. ദുരന്തമേഖലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു. മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍ നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയത്. പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വീണ്ടും അധികൃതര്‍ക്ക് പുറകെ നടന്ന് കഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തെ ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് നേരത്തെയുണ്ടായിരുന്ന വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, വി.എം ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *