തിരുവനന്തപുരം: സാമ്പത്തിക പിരിമുറുക്കം മൂലം സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിൻ്റെ പ്രവർത്തനം പ്രതിസന്ധിയിൽ.
ഭീമമായ കുടിശ്ശിക വന്നതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിലേക്കുള്ള സർവീസുകൾ മുടങ്ങിയതായി സി-ഡിറ്റ് അറിയിച്ചു. ഒരു വർഷത്തെ കുടിശ്ശിക ഇനത്തിൽ സി-ഡിറ്റിന് ആറര കോടിയിലധികം രൂപ നൽകാനുണ്ട്.
ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും അച്ചടിക്കാൻ പണമില്ലാത്തതാണ് പുതിയ പ്രതിസന്ധി. ഫെസിലിറ്റി മാനേജ്‌മെൻ്റ് പ്രോജക്ട് വഴി മോട്ടോർ വാഹന വകുപ്പിന് സി-ഡിറ്റ് നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞ ജനുവരി മുതൽ സർവീസിനുള്ള തുക നൽകിയിട്ടില്ല. 6 കോടി 58 ലക്ഷം കുടിശ്ശിക ഉണ്ട്.ഇതോടെ, സേവനങ്ങൾ തടസ്സപ്പെടുമെന്ന് കഴിഞ്ഞ വർഷം നവംബറിൽ സി-ഡിറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുകാരണം സർവീസ് നിർത്തുന്നതായി കാണിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.മാർച്ച് ഒന്നു മുതൽ സേവനം നൽകില്ല. നിലവിലെ പ്രോജെക്ടിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ സി-ഡിറ്റിൻ്റെ നിർദേശം ലഭിച്ചതിന് ശേഷം മാത്രമേ സേവനം തുടരാവൂ എന്നും അറിയിപ്പുണ്ട്.