റാന്നി: യുവ കർഷകൻ്റെ ബന്ദിപൂ കൃഷി ശ്രദ്ധേയമായി മാറുന്നു. പുതുശേരിമല സ്വദേശി കോഴിക്കോട്ട് വീട്ടിൽ അനീഷാണ് പൂകൃഷി ചെയ്തു വിജയം കൊയ്തത്. തൻറെ അഞ്ചു സെൻറു സ്ഥലത്ത് 200 മൂടോളം ബന്ദിയാണ് കൃഷി ചെയ്തത്. ഹൈബ്രിഡ് ഇനത്തിൽ പെട്ട വിത്തുകളാണ് പാകിയത്. മഞ്ഞയും ഓറഞ്ചും കളറിലുള്ള പൂക്കളാണ് വിടർന്നിരിക്കുന്നത്. ഓണത്തിന് ആവശ്യക്കാർക്ക് പൂക്കൾ മിതമായ നിരക്കിൽ നൽകുകയാണ് അനീഷിൻറെ ലക്ഷ്യം. അനീഷിൻറെ പൂക്കൃഷിയെ പറ്റി കേട്ടറിഞ്ഞ് കാണാനും ചിത്രങ്ങൾ പകർത്താനും ധാരാളം പേരാണ് നിത്യവും എത്തുന്നത്. അന്യദേശങ്ങളിലെ കൃഷിക്കാർ അടക്കിവാഴുന്ന പൂക്കൃഷിയിലും നാട്ടുകാർ നൂറുമേനി വിളവെടുപ്പാണ് നടത്തുന്നത്. കൃഷി സ്ഥലത്ത് വാഴയും മരച്ചീനിയുമടക്കമുള്ള മറ്റു കാർഷിക വിളകളും നട്ട് വിജയം കൊയ്ത് ശ്രദ്ധേയനായ കർഷകൻ ആണ് അനീഷ്. ഇത്തവണത്തെ റാന്നി ഗ്രാമ പഞ്ചായത്തിലെ യുവ കർഷകനുള്ള അവാർഡും അനീഷിനായിരുന്നു.