സംസ്ഥാന സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ചില മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെയാണ് വാര്‍ത്ത നല്‍കുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവുമായി കേരളത്തെ താരതമ്യം ചെയ്യാന്‍ പറ്റില്ല. ഏവര്‍ക്കും ഗുണമേന്മയുള്ള ജീവിതം നയിക്കാന്‍ സാധിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഇതാണ് മറ്റ് സംസ്ഥാനങ്ങളുമായുള്ള പ്രധാന വ്യത്യാസമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇത്രയും സൗകര്യം കേരളത്തില്‍ മാത്രമാണുള്ളത്. 20 വര്‍ഷം കഴിയുമ്പോഴേക്കും കേരളത്തിന്റെ ചിത്രം പൂര്‍ണമായി മാറും. മൂന്നാമത്തെ ടേമും പിണറായി സര്‍ക്കാര്‍ വരുമെന്നതിനാലാണ് മാധ്യമങ്ങള്‍ ഇടതുവിരുദ്ധത പടച്ചുവിടുന്നത്. ചരിത്രത്തില്‍ ഇല്ലാത്ത വിധം സര്‍ക്കാരിനെതിരെ ചില മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരരുതെന്നാണ് ഇവരുടെ ആഗ്രഹം.
മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് മഴവില്‍ മുന്നണി ഉണ്ടാക്കി. അതില്‍ വര്‍ഗീയ കക്ഷികളും ഉണ്ട്. മാധ്യമങ്ങള്‍ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ വക്താക്കളായി. അന്‍വറിനെ കിട്ടിയപ്പോള്‍ പാര്‍ട്ടി രണ്ടാകാന്‍ പോകുന്നുവെന്ന് എല്ലാവരും കരുതി, എന്നാല്‍ ഈ പാര്‍ട്ടി എന്താണെന്ന് മനസിലാക്കണം. അന്‍വര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ സംഭവം അല്ല. അന്‍വറിന്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാം എന്ന് മാധ്യമങ്ങള്‍ കരുതേണ്ട- ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു