മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗത്തിന്റെ മിനുറ്റ്‌സ് ജനങ്ങള്‍ കാണുന്നതില്‍ എന്ത് പ്രശ്‌നമാണ്? : മാത്യു കുഴല്‍നാടന്‍

Breaking Kerala

തിരുവനന്തപുരം: സിഎംആര്‍എല്‍ വിവാദത്തില്‍ പി രാജീവിനും എം ബി രാജേഷിനും മറുപടിയുമായി മാത്യു കുഴല്‍നാടന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെയാണ് സിഎംആര്‍എലിന് കരാര്‍ നല്‍കിയത്.എന്നാല്‍, ലീസ് നല്‍കി പത്തു ദിവസത്തിനു ശേഷം നിയമവിരുദ്ധമെന്ന് കണ്ടെത്തി റദ്ദ് ചെയ്തു എന്നും മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

2016ല്‍ ലീസ് റദ്ദാക്കാന്‍ സുപ്രിം കോടതി സര്‍ക്കാരിന് അവകാശവും അധികാരവും നല്‍കി. എന്നാല്‍ അത് വിനിയോഗിച്ചില്ല. 2019ല്‍ കേന്ദ്ര ഭേദഗതി വന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. ഉദ്യോഗസ്ഥര്‍ നടപടി റദ്ദാക്കാന്‍ ഒരുങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 7 വര്‍ഷം കരാര്‍ നിലനിര്‍ത്തി. തോട്ടപ്പള്ളിയിലെ മണല്‍വാരല്‍ കുട്ടനാടിനെ രക്ഷിക്കാന്‍ എന്നായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാരിന്റെ താല്പര്യം മണല്‍നഷ്ടപ്പെടുന്നതിനു മുന്‍പ് മണല്‍ വാരിയെടുക്കുക എന്നതായിരുന്നു. സര്‍ക്കാരിന് മണല്‍ വാരിയെടുക്കാനുള്ള വെപ്രാളം ആര്‍ക്കു വേണ്ടിയാണെന്ന് വ്യവസായ മന്ത്രി മറുപടി പറയണം എന്നും അദ്ദേഹം പറഞ്ഞു.

സിഎംആര്‍എല്‍ കമ്ബനിയിലേക്ക് ലോഡ് വന്നതിന്റെ ഇവേ ബില്ലുകള്‍ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് ഇല്‍മിനേറ്റ് ലോഡുകള്‍ വന്നതിന്റെ കണക്കുണ്ട്. ചവറയില്‍ ഐആര്‍ഇയില്‍ നിന്നും സിഎംആര്‍എലിലേക്ക് വന്നതിന്റെ ബില്ലുകളാണ്. വ്യവസ്ഥ ലംഘിച്ചു ഇല്‍മിനേറ്റ് കടത്തിയത് അന്വേഷിക്കാന്‍ വ്യവസായ മന്ത്രിക്കു ആര്‍ജ്ജവമുണ്ടോ? മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗത്തിന്റെ മിനുറ്റ്‌സ് ജനങ്ങള്‍ കാണുന്നതില്‍ എന്ത് പ്രശ്‌നമാണ്? ഇനിയും സംവാദത്തിന് തയ്യാര്‍, ആര്‍ജവം കണിക്കേണ്ടത് മന്ത്രിമാരാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *