ഒഡീഷയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന ബസിൽ കഞ്ചാവ് കടത്ത്; 2 മലയാളികൾ പിടിയിൽ

Kerala

പെരുമ്പാവൂർ: ഒഡീഷയിൽ നിന്ന് അതിഥിത്തൊഴിലാളികളുമായെത്തിയ അന്തർസംസ്ഥാന ബസിൽ ഉൾപ്പെടെ കടത്തിയ 14 കിലോഗ്രാം കഞ്ചാവുമായി 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാലടി നെട്ടിനംപിള്ളി മാണിക്യമംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കൽ ലിജോ ജോർജ് കുര്യൻ (33), ഒഡീഷ കണ്ഡമാൽ സ്വദേശികളായ പവിത്ര പർസേത്ത് (25), ബിജയ് നായക് (27) എന്നിവരെയാണു റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്നു പിടികൂടിയത്.

ഒഡീഷയിൽ നിന്ന് അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന ബസിലായിരുന്നു മലയാളികളായ 2 പേർ 9 കിലോഗ്രാം കഞ്ചാവു കടത്തിയത്. ഓടക്കാലി ഭാഗത്തേക്കാണു തൊഴിലാളികളെ കൊണ്ടുവന്നത്. പെരുമ്പാവൂർ ഭാഗത്തു വാഹനം തടഞ്ഞു നിർത്തിയാണു പരിശോധന നടത്തിയത്. പ്രത്യേകം കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഇവർ ഇതിനു മുൻപും കഞ്ചാവു കൊണ്ടു വന്നിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.ഒഡീഷ കണ്ഡമാൽ സ്വദേശികളെ 5 കിലോഗ്രാം കഞ്ചാവുമായി പഴങ്ങനാട് ഭാഗത്തു നിന്നാണു പിടികൂടിയത്.

സൗത്ത് കളമശേരിയിലുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതികൾ നാട്ടിൽ നിന്നു കഞ്ചാവ് എത്തിച്ചായിരുന്നു വിൽപന. ഞായറാഴ്ച പുലർച്ചെ ട്രെയിനിൽ കളമശേരിയിൽ കഞ്ചാവുമായി എത്തിയ ബിജയ് നായക്, പവിത്ര പർസേത്ത് എന്നിവർ പഴങ്ങനാട് ഭാഗത്തു വിൽപനയ്ക്കായി എത്തുകയായിരുന്നു. ഒഡീഷയിൽ നിന്ന് 3,000 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് ഇവിടെ 30,000 രൂപയ്ക്കാണു വിൽക്കുന്നത്.

റൂറൽ ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 185 ലഹരിമരുന്നു കേസുകൾ റജിസ്റ്റർ ചെയ്തു. 210 പേരെ അറസ്റ്റ് ചെയ്തു. 25 കിലോഗ്രാമോളം കഞ്ചാവ്, 120 ഗ്രാം ബ്രൗൺഷുഗർ, 25 ഗ്രാം ഹെറോയിൻ എന്നിവ പിടികൂടി. എഎസ്പി മോഹിത് റാവത്ത്, നർകോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസ്, ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്ഐ ജെ. സജി, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, കെ.എ. നൗഷാദ്, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *