തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെയും ബാങ്ക് മുൻ സീനിയർ അക്കൗണ്ടൻറ് സി കെ ജിൽസിന്റെയും ജാമ്യപേക്ഷ തള്ളി കോടതി. കലൂർ പിഎംഎൽഎ കോടതിയുടേതാണ് നടപടി. കേസിലെ മൂന്നും, നാലും പ്രതികളാണ് പി ആർ അരവിന്ദാക്ഷനും സി കെ ജിൽസും. ഇഡി ഹാജരാക്കിയ രേഖകൾ പരിശോധിച്ചും, വാദങ്ങൾ അംഗീകരിച്ചുമാണ് ഇവരുടെ ജാമ്യാപേക്ഷകൾ കോടതി തള്ളിയത്.
കേസിലെ ഒന്നാം പ്രതി പി സതീഷ് കുമാറുമായി പി ആർ അരവിന്ദാക്ഷൻ നടത്തിയ പണമിടപാടുകളുടെ നിരവധി രേഖകളും, ബാങ്ക് സ്റ്റേറ്റ്മെൻറുകളും ഇഡി കോടതിക്ക് കൈമാറിയിരുന്നു. കളളപ്പണം വെളുപ്പിക്കുന്നതിനായി പി സതീഷ് കുമാർ പി ആർ അരവിന്ദാക്ഷന് പണം നൽകുന്നത് കണ്ട സാക്ഷികളുടെ മൊഴികളും ഇഡി കോടതിയിൽ നൽകിയിരുന്നു. നേരത്തെ സമർപ്പിച്ച രേഖകൾക്കൊപ്പം ബുധനാഴ്ച നൽകിയ കൂടുതൽ രേഖകളും ഇഡി പിശോധിച്ചു. തട്ടിപ്പിൽ പ്രതികൾക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്നും, ജാമ്യം ലഭിച്ചാൽ ഉന്നത സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വധീനിക്കുമെന്നുമുള്ള ഇഡി യുടെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഇഡിയുടെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ടുള്ള പെരിങ്ങണ്ടൂർ ബാങ്കിൻ്റെ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.