കര്‍ണാടക: നാട്ടിലെ ഗൃഹപ്രവേശനത്തിന് കോളേജ് അധികൃതര്‍ അവധി നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കോലാര്‍ ശ്രീ ദേവരാജ് യു.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ബി.പി.ടി രണ്ടാം വര്‍ഷ വിദ്യാര്‍ഥി എം. അഖിലേഷ് (20) ആണ് മരിച്ചത്. ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിയനാട് തോന്നക്കാട് സ്വദേശിയാണ്.
അഖിലേഷിന്റെ ചെറിയനാട്ടെ വീടിന്റെ ഗൃഹപ്രവേശം ഞായറാഴ്ച നടക്കാനിരിക്കെയാണ് സംഭവം. അഖിലേഷിന് നാട്ടിലെത്താന്‍ വെള്ളിയാഴ്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, കോളജ് അധികൃതര്‍ അവധി നല്‍കിയില്ലെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കോളജില്‍നിന്ന് അഖിലേഷ് ഹോസ്റ്റല്‍ മുറിയിലേക്ക് പോയിരുന്നു. എന്നാല്‍,ഏറെനേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനാല്‍ മറ്റു വിദ്യാര്‍ഥികള്‍ കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ജനലിലെ കമ്ബിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അഖിലേഷിനെ കണ്ടെത്തിയത്.