ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരുക്കേല്‍ക്കാനിടയായ കലൂരിലെ നൃത്തപരിപാടിയുടെ മുഖ്യ സംഘാടകര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. വ്യാഴാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. അതേ സമയം പ്രതികള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു. കലൂരില്‍ നൃത്ത പരിപാടി നടക്കുന്നതിനിടെ സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരുക്കേറ്റിരുന്നു.
സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് ഹര്‍ജിക്കാരോട് പൊലീസിനു മുമ്പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചത്.
സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാര്‍, ഓസ്ക്കാര്‍ ഇവന്‍റ് മാനേജ്മെന്‍റ് പ്രൊപ്രൈറ്റര്‍ പിഎസ് ജനീഷ് എന്നിവരോടാണ് വ്യാഴാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. അതേ സമയം പ്രതികള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തെന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. അതേ സമയം സംഘാടകരോട് കടുത്ത അതൃപ്തി അറിയിച്ച് കല്യാണ്‍ സില്‍ക്സ് വാര്‍ത്താക്കുറിപ്പിറക്കി.
മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയതെന്നും ഇതുപ്രകാരം സാരികള്‍ നിര്‍മ്മിച്ചുവെന്നും ഓരോന്നിനും 390 വീതമാണ് ഈടാക്കിയതെന്നും കല്യാണ്‍ സില്‍ക്സ് വിശദീകരിച്ചു. എന്നാൽ ഈ സാരിക്ക് സംഘാടകർ 1600 രൂപ വീതം ഈടാക്കിയെന്ന് പിന്നീടാണ് അറിയുന്നതെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കല്ല്യാണിന്റെ പേര് ചൂഷണത്തിന് ഉപയോഗിച്ചതിൽ കടുത്ത അതൃപ്തി അറിയിക്കുന്നതായും വാര്‍ത്താക്കുറിപ്പിലുണ്ട്. സംഘാടകരുമായി ഉണ്ടായിരുന്നത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് ആവശ്യപ്പെട്ടു.