ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ. കല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും എസ് പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അനിലിനെ നാട്ടിലെത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്. കസ്റ്റഡിയിലുള്ളവരിൽ ബന്ധുക്കളും അല്ലാത്തവരും ഉൾപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. വിശ്വസനീയമായ വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാൽ ആരാണ് വിവരം നൽകിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ് പി വ്യക്തമാക്കി.
15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴും പരിശോധന തുടരുകയാണ്. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ അരിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂവെന്നും അവർ പറഞ്ഞു.