മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കോളേജ് വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കാപ്പ ചുമത്തും. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് കാപ്പ ചുമത്തുക. അപകടത്തിൽ പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നില്‍ വെച്ച് ആന്‍സണ്‍ ഓടിച്ച ബൈക്ക് ഇടിച്ചാണ് നിര്‍മല കോളജ് വിദ്യാര്‍ഥിനിയായ വാളകം സ്വദേശിനി നമിത മരിച്ചത്.
അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. ബൈക്കോടിച്ച യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിലാണ് സഹപാഠികള്‍ പ്രതിഷേധിച്ചിരുന്നത്. നമിതയുടെ ഒപ്പം ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ അനുശ്രീ പരുക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ പ്രതിക്കും പരിക്കേറ്റിരുന്നു.