കോഴിക്കോട് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു-47) ആണ് മരിച്ചത്. കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.
തെരുവ് നായ റോഡിന് കുറുകെ ചാടി ഓട്ടോയിൽ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അനിൽ ബാബുവിനെ ഉടൻ തന്നെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. സിഐടിയു ഹാര്‍ബര്‍ സെക്ഷൻ സെക്രട്ടറിയും പ്രദേശത്തെ സജീവ സാമൂഹിക പ്രവര്‍ത്തകനുമാണ് അനിൽ ബാബു. ഭാര്യ: നിഷ. മകന്: അനുനന്ദ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.