‘ഞാൻ ആദ്യം’, കയർത്ത് സുധാകരൻ, പിണങ്ങി സതീശൻ, വീഡിയോ വൈറൽ

Kerala

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആരാദ്യം തുടങ്ങണമെന്ന് ചൊല്ലിയുള്ള സതീശന്റേയും സുധാകരന്റേയും തർക്കവീഡിയോ വൈറലാണ്. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമുണ്ടായത്. വാർത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്കവിഷയം. ഈ മാസം എട്ടിനായിരുന്നു പുതുപ്പള്ളിയിലെ വോട്ടെണ്ണൽ.

ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരനും പറയുകയായിരുന്നു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ മാറ്റിവെക്കുകയായിരുന്നു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശൻ. വാർത്താസമ്മേളനത്തിലുടനീളം സതീശൻ സംസാരിക്കാനും തയ്യാറായില്ല. വാർത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പുള്ള രണ്ടുപേരുടേയും ഈ തർക്കവീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നിരവധി പേർ വീഡിയോക്ക് ട്രോളുമായി എത്തിയപ്പോൾ കോൺ​ഗ്രസിന് വിമർശനവുമായും ആളുകൾ രം​ഗത്തെത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയം കോൺ​ഗ്രസിന്റെ ഒറ്റക്കെട്ടായി നിന്ന പോരാട്ടത്തിന്റെ ഫലമാണെന്ന് വിലയിരുത്തുന്നതിനിടെയാണ് ഇത്തരത്തിലൊരു വീഡിയോ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *