ബെംഗളുരു: സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവി വിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്. ലഗ്രാഞ്ച്-എൽ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓർബിറ്റിൽ എത്തിക്കുകയാണ് ലക്ഷ്യം. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ് എന്നറിയപ്പെടുന്നത്.