കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു സമനില. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ആയിരുന്നു എതിരാളികൾ. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകൾ നേടി. ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റിനായി നെസ്റ്റർ ആല്‍ബിയാച് (12–ാം മിനിറ്റ്) ഗോൾ നേടിയപ്പോൾ ഡാനിഷ് ഫറൂഖ് (49–ാം മിനിറ്റ്) ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ അടിച്ചു.
മത്സരത്തിൽ ഉടനീളം ലഭിച്ച നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പാഴാക്കിയത്. പ്രധാന താരങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത്. പ്രതിരോധ നിരയിൽ മിലോസ് ഡ്രിൻകിച്ചും പ്രബീർ ദാസും വിലക്കു കാരണം ടീമിൽ ഉൾപ്പെട്ടില്ല. പരിക്കുമൂലം ജീക്സന്‍ സിങ്ങും കളിക്കാൻ ഇറങ്ങിയില്ല. പ്രതിരോധത്തിൽ സന്ദീപ് സിങ്, പ്രീതം കോട്ടാൽ, റിയുവ ഹോർമിപാം, നവോച സിങ് എന്നിവരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരങ്ങൾ. ഒക്ടോബർ 27ന് ഒഡിഷയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.