ഇന്ത്യ വേദിയാകുന്നത് വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ലോകകപ്പിന്

Sports

ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ക്രിക്കറ്റ് ലോകകപ്പ്, ഏകദിന ചരിത്രത്തിലാദ്യമായി സ്കോട്ട്ലൻഡിന് വെസ്റ്റ് ഇൻഡീസിനു മേലുള്ള ജയം. ഡഗൗട്ടിൽ പരിശീലകൻ ഡാരൻ സമ്മി തലകുനിച്ചുനിൽക്കുന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പ് നിർവികാരതയോടെ തിരികെ നടക്കുന്നു. ഗ്യാലറിയിൽ മെറൂൺ ജഴ്സിയണിഞ്ഞ് തലയിൽ കൈവച്ച് കണ്ണ് നിറഞ്ഞുനിൽക്കുന്ന ആരാധകർ. കമൻ്ററി ബോക്സിൽ പതിവുപോലെ ഇയാൻ ബിഷപ്പിൻ്റെ മുഴക്കം. ‘ദിസ് ഈസ് ഗട്ട് റെഞ്ചിംഗ്’ ആ മുഴക്കത്തിൽ അടക്കിനിർത്താൻ കഴിയാത്ത നിരാശ.

ലോക ക്രിക്കറ്റിൽ ഒരു കാലത്ത് എതിരാളികൾ ഭയപ്പെട്ടിരുന്ന ടീം. കളിക്കളത്തിലെ ഏത് വമ്പൻമാരെയും തീ തുപ്പുന്ന പന്തുകൾ കൊണ്ടും വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും വിറപ്പിച്ചിരുന്നവർ. എന്നാൽ, ഇന്ന് കഥ മാറി. കുഞ്ഞന്മാരായ എതിരാളികൾക്ക് മുന്നിൽ പോലും ഒന്ന് പോരാടാനാകാതെ, തിരിച്ചടിക്കാനാകാതെ അവർ കീഴടങ്ങുന്നു… ഒടുവിൽ ഏകദനിക ക്രിക്കറ്റ് ലോകകപ്പിലേക്ക് യോഗ്യത പോലും നേടാനാകാതെ അവർ മടങ്ങുന്നു…48 വർഷത്തെ ചരിത്രത്തിൽ വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ആദ്യ ലോകകപ്പിനാണ് ഇന്ത്യ വേദിയാകാൻ ഒരുങ്ങുന്നത്. ക്വാളിഫയർ ടൂർണമെന്റിലെ നിർണായക മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെ എഴ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *