ന്യൂഡല്‍ഹി: ടി 20 ലോകകപ്പിന് പിന്നാലെ ഓള്‍റൗണ്ടര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ് ഐസിസി പുറത്തുവിട്ടിരുന്നു. ലോകകപ്പില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും പേസ് ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പാണ്ഡ്യ ഒന്നാമതെത്തിയത്. എന്നാല്‍ റാങ്കിങ്ങിലെ മറ്റൊരു രസകരമായ കാര്യമാണ് ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
റാങ്കിങ്ങില്‍ ഇന്ത്യയുടെ സീനിയര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേക്കാള്‍ മുന്നിലാണ് സ്റ്റാര്‍ ബാറ്ററായ വിരാട് കോഹ്‌ലി. 49 പോയിന്റുമായി 79-ാം സ്ഥാനത്താണ് കോഹ്‌ലി. അതേസമയം 45 പോയിന്റുകളുമായി 86-ാം സ്ഥാനത്താണ് ജഡേജയുടെ സ്ഥാനം. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തും ഏകദിന റാങ്കിങ്ങില്‍ 11-ാം സ്ഥാനത്തും തുടരുന്നതിനിടെയാണ് ജഡേജ ടി 20 റാങ്കിങ്ങില്‍ കോഹ്‌ലിക്കും പിന്നില്‍ പോയത്.