ന്യുഡൽഹി :ഫിഫ ലോകകപ്പ് യോഗ്യതയ്ക്കായി മത്സരിക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം റൗണ്ടിൽ അഫ്ഗാനിസ്ഥാനോട് അവരുടെ മണ്ണിൽ സമനില വഴങ്ങിയതിന് പിന്നാലെ സ്വന്തം നാട്ടിൽ പരാജയമേറ്റിരിക്കുന്നു. ഇന്ത്യയ്ക്ക് മുന്നിൽ ഇനിയുള്ളത് കടുത്ത പരീക്ഷണങ്ങളാണ്. കുവൈറ്റിനെയും ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയും നേരിടണം. അതിൽ ഖത്തറിനെതിരെ ഇന്ത്യ കളിക്കേണ്ടത് അവരുടെ മണ്ണിലും. എങ്ങനെയെങ്കിലും ഇന്ത്യ മൂന്നാം റൗണ്ടിലെത്തിയാലും പരീക്ഷണം തുടരും
മൂന്നാം റൗണ്ടിൽ മൂന്ന് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളാണുള്ളത്. ഇതിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ നേരിട്ട് ലോകകപ്പിന് യോഗ്യത നേടാം. എന്നാൽ രണ്ടാം സ്ഥാനത്താണ് എത്തുന്നതെങ്കിൽ നാലാം റൗണ്ടിൽ കളിക്കണം. മൂന്ന് ടീം വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് നാലാം റൗണ്ടിലുള്ളത്. ഒരു പാദത്തിലായി മൂന്ന് മത്സരങ്ങൾ വീതം ടീമുകൾക്ക് ലഭിക്കും. ഇത്തവണയും ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് ലോകകപ്പ് യോഗ്യത നേടാം. രണ്ടാം സ്ഥാനത്താണ് എത്തുന്നതെങ്കിൽ പിന്നെ അഞ്ചാം റൗണ്ട് കളിക്കണം. ഇവിടെ നാലാം റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. വിജയിക്കുന്ന ടീമിന് ഫിഫ ലോകകപ്പ് പ്ലേ ഓഫ് ടൂർണമെന്റ് കളിക്കാൻ കഴിയും. ഇവിടെ വിവിധ ഫുട്ബോൾ ഫെഡറേഷനിൽ നിന്നുള്ള ടീമുകളുമായി മത്സരിച്ചാണ് ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നത്. ഏഷ്യ, മധ്യവടക്ക് അമേരിക്ക, ദക്ഷിണ അമേരിക്ക, ഓഷ്യാനിയ മേഖലകളിൽ നിന്ന് ടീമുകൾ എത്തും. റാങ്കിങ്ങിൽ മുന്നിലുള്ള ടീമുകളോട് ഉൾപ്പെടെ ഇവിടെ നിന്നും മത്സരിക്കേണ്ടി വരും. 2026ൽ ലോകകപ്പിന് 48 ടീമുകൾക്ക് മത്സരിക്കാൻ കഴിയും. അതിൽ ഒമ്പത് ടീമുകളാണ് ഏഷ്യയിൽ നിന്നുള്ളത്.