ന്യൂഡല്‍ഹി: സന്ദര്‍ശക വിസയിലെത്തി ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ഇവര്‍ക്ക് പാസ് നല്‍കിയത് മൈസൂര്‍ കുടക് എം.പിയായ പ്രതാപ് സിംഹയാണ്. സാഗര്‍ ശര്‍മ എന്ന പേരിലാണ് പാസ് നല്‍കിയത്. ഇത്തരം വീഴ്ചകള്‍ ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിലെ സുരക്ഷ വീഴ്ചയെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം പറയാൻ ബാധ്യസ്ഥനാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ”പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണ് എന്നതില്‍ എല്ലാവരും ആശ്വസിക്കുകയാണ്. കനത്ത സുരക്ഷ സംവിധാനങ്ങള്‍ക്കിടയിലും, ഇങ്ങനെയൊരു സംഭവം നടന്നത് ഞെട്ടിക്കുന്ന സംഭവമാണ്. സുരക്ഷ സംവിധാനത്തിന്റെ പാളിച്ച തന്നെയാണിത്. സംഭവിച്ചതിന്റെ പൂര്‍ണ വിവരം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേകിച്ച ആഭ്യന്തരമന്ത്രിയുടെ ചുമതലയാണ്.”-സിദ്ധരാമയ്യ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ശരിയാണെങ്കില്‍ എന്തടിസ്ഥാനത്തിലാണ് പ്രതാപ് സിംഹ അക്രമികള്‍ക്ക് പാസ് നല്‍കിയതെന്നും സിദ്ധരാമയ്യ ചോദിച്ചു. ഇത് സൂചിപ്പിക്കുന്നത് ആ യുവാക്കള്‍ക്ക് എം.പിയെ അറിയാമായിരുന്നു എന്നാണ്. ഒരുമുൻപരിചയവുമില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അപരിചതര്‍ക്ക് സന്ദര്‍ശക പാസ് നല്‍കാൻ സാധിക്കുക. ഇതെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും സിദ്ധരാമയയ്യ ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് ഭീകരാക്രമണത്തിന് 22 വര്‍ഷം തികയുന്ന അതേ ദിവസത്തിലുണ്ടായ സുരക്ഷ വീഴ്ചയെ കുറിച്ച് ഉത്തരം പറയാൻ പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരാളുടെ സഹായമില്ലാതെ യുവാക്കള്‍ക്ക് പാര്‍ലമെന്റില്‍ ഇങ്ങനെയൊരു അതിക്രമം കാണിക്കാൻ സാധിക്കില്ലെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു. പാര്‍ലമെന്റിന് പോലും മതിയായ സുരക്ഷയില്ല എന്ന അവസ്ഥയാണ് എങ്കില്‍ നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദ്യമുയരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.