തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേട്ടങ്ങളിൽ നിന്ന് മുന്നോട്ടു പോകും. ഇതിൻ്റെ ഭാഗമാണ് നാലുവർഷ ബിരുദ കോഴ്സുകളെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി മുൻനിർത്തിയാണ് നാലുവർഷ ബിരുദ കോഴ്സ്. ഇന്ത്യാ സ്ക്കിൽ റിപ്പോർട്ട് പ്രകാരം തൊഴിൽ രംഗത്ത് കേരളം ഒന്നാമതാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ വരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയാതെ പുറം രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്ന പ്രചരണം ഉയരുന്നുണ്ട്.
കേരളത്തിലേക്ക് പുറത്തുനിന്ന് വിദ്യാർത്ഥികൾ പഠിക്കാനായി എത്തുന്നു. ഇവരുടെ എണ്ണം വർദ്ധിക്കുകയാണ്. പുറം രാജ്യങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തേക്കും യാത്ര ചെയ്യുന്നുണ്ട്. വ്യവസായ രംഗത്തും കേരളം കുതിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി നൂതന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സ്റ്റാർട്ട് അപ് നയം ആവിഷ്കരിച്ച് മുന്നോട്ടു പോവുകയാണെന്നും വ്യക്തമാക്കി. ഇതിലൂടെ 55000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.