കൊച്ചി : ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം തുടക്കത്തില്‍ വടക്ക് പടിഞ്ഞാറു ദിശയിലും തുടര്‍ന്ന് വടക്ക്, വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിച്ച് ഇന്ന് രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന് വടക്ക്, വടക്ക് കിഴക്ക് ദിശയിലേക്ക് മാറി വെള്ളിയാഴ്ചയോടെ ഒഡീഷ തീരത്തിനു സമീപവും ശനിയാഴ്ചയോടെ വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ സമീപത്തു കൂടിയും സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. വടക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനം മഴയില്‍ പ്രതിഫലിക്കുമെന്നാണ് പ്രവചനം.
കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.