കടുത്തുരുത്തി: വീടുകളും സ്ഥാപനങ്ങളും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ 100% വിജയം കൈവരിക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും സ്വാസ്ഥ്യം 2023 എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതികൾ വഴി ഉദ്ദേശിക്കുന്ന നേട്ടം കൈവരിക്കാനാവുമെന്നും പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്വാസ്ഥ്യം 2023 ന്റെ ഭാഗമായി ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണവും എക്സിബിഷനും നടത്തിയതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രസിഡന്റ്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റെസി സജീവ് അദ്ധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ആമുഖ പ്രസംഗം നടത്തി. 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ കുറവിലങ്ങാട് പഞ്ചായത്തിലെ ആദ്യഘട്ടത്തിന്റെ ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് ബ്ലോക്ക് കോ-ഓർഡിനേറ്റർ അലീഷ മോഹൻ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എൻ.രമേശൻ, സന്ധ്യ സജികുമാർ, പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ., ജോയിസ് അലക്സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം. ജോസഫ്, സെക്രട്ടറി പ്രദീപ് എൻ., കില ആർ.പി. കെ.ആർ. സാവിത്രി, അസിസ്റ്റന്റ് സെക്രട്ടറി സീന മാത്യു എന്നിവർ പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയപാർട്ടി, വ്യാപാരി വ്യവസായി സംഘടന, സാമൂഹ്യ സാംസ്കാരിക സന്നദ്ധ പ്രവർത്തകർ, ദേവമാതാ കോളേജ് എൻ.സി.സി., എൻ.എസ്.എസ്., വിവിധ സ്കൂളുകളിലെ അദ്ധ്യാപകർ, പി.റ്റി.എ., എക്സ് സർവ്വീസ്, ഹരിത കർമ്മ സേനാംഗങ്ങൾ, ആരോഗ്യ വകുപ്പ്, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, ആശാ വർക്കേഴ്സ്, അംഗൻവാടി, പെൻഷൻ സംഘടന ഭാരവാഹികൾ, കുടുംബശ്രീ എന്നിവർ പങ്കെടുത്തു.
മാലിന്യ സംസ്കരണ രീതികൾ പരിചയപ്പെടുത്തിക്കൊണ്ട് പി.ഡെയ്സ്, സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ, ഈ നാട് യുവജന സംഘം എന്നീ ഏജൻസികൾ വിവിധ മാലിന്യ സംസ്കരണ യൂണിറ്റുകളുടെ എക്സിബിഷൻ നടത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ മാലിന്യ സംസ്കരണത്തിനായി മാത്രം ഒരു കോടി രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്.