തൃശൂർ :മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ സന്തോഷത്തിലാണ് ആരാധകര്‍. അതും സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന ജോഡിയായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലുമാണെന്നതാണ് ആരാധകരെ കൂടുതല്‍ അമ്പരപ്പിച്ചത്. ഇപ്പോഴിതാ വടക്കുംനാഥനെ സാക്ഷിയാക്കി ഗോപികയെ താലിചാര്‍ത്തിയിരിക്കുകയാണ് നടന്‍.
അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തതെന്നാണ് വിവരം. പുലര്‍ച്ചെയായിരുന്നു വിവാഹം. പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങള്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കി, ഭഗവാന്റെ നടയ്ക്ക് മുന്‍പില്‍ എത്തിയാണ് താലി കെട്ട് നടത്തിയത്. ശ്രീകോവില്‍ നടക്ക് പുറത്തുവച്ചായിരുന്നു താലിചാര്‍ത്ത്.
വടക്കും നാഥന്റെ ഭക്തനായ ജിപി തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യവും അവിടെ വച്ച് നടത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. പൊതുവെ വടക്കും നാഥ ക്ഷേത്രത്തില്‍ വിവാഹം പതിവ് കാഴ്ചയല്ല. അതുകൊണ്ടുതന്നെ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഗോപികയുടെയും ജിപിയുടെയും ഇരു കുടുംബങ്ങള്‍ മാത്രമെത്തിയ ചടങ്ങില്‍ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് വധൂ വരന്മാര്‍ ചടങ്ങിനെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ബ്രൈഡ് ടു ബി, മെഹന്ദി, ഹല്‍ദി എന്നിവയെല്ലാം വളരെ ആഘോഷപൂര്‍വമാണ് നടത്തിയത്. ഹല്‍ദി ഫങ്ഷന്‍ ഗോപികയും ജിപിയും ഒരുമിച്ചാണ് ആഘോഷമാക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാം ചേര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടിച്ചുപൊളിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് താരങ്ങള്‍ ഒന്നാകാന്‍ പോകുന്ന വാര്‍ത്ത പുറത്തുവിട്ടത്. ഗോപികയും ജിപിയും ഒന്നാകും എന്നത് ഒരിക്കലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹ നിശ്ചയ ഫോട്ടോകള്‍ പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു. ‘കുറേ കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്. ഞാന്‍ ആദ്യം ഗോപികയെ കണ്ടപ്പോള്‍ പറഞ്ഞത്… ലൈഫ് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരിക്കും എന്നാണ്. ഒരു സാഹചര്യം എത്തിയപ്പോള്‍ അവള്‍ അത് എന്നോട് തിരിച്ചും ചോദിച്ചു.
ചേട്ടന്‍ അല്ലേ പറഞ്ഞത് റോളര്‍ കോസ്റ്റര്‍ റൈഡായിരിക്കുമെന്ന് ഇപ്പോള്‍ സമാധാനം ആയില്ലേ എന്നാണ് ഗോപിക ചോദിച്ചത്. അത് വളരെ ഇന്ററസ്റ്റിങാണ്. ഞങ്ങള്‍ തീര്‍ത്തും വ്യത്യസ്തരായ ആളുകളാണ്. ഇപ്പോഴും ഞങ്ങള്‍ക്ക് തമ്മില്‍ എന്തെങ്കിലും സിമിലാരിറ്റി കണ്ടുപിടിക്കാനായിട്ടില്ല. കുറച്ചെങ്കിലും സാമ്യത തോന്നിയത് പേരില്‍ മാത്രമാണ്. അതിഭീകരമായി പ്രണയിക്കുന്നവരോ പുകഴ്ത്തുന്നവരോ അല്ല ഞങ്ങള്‍. നല്ല രീതിയില്‍ തല്ലുകൂടുന്നവരാണ്.
എന്നാല്‍ പരസ്പരം നഷ്ടപ്പെടുത്താന്‍ പറ്റാത്തതുകൊണ്ടാണ് നിശ്ചയത്തിലേയ്ക്ക് എത്തിയത്’ എന്നാണ് ജിപി മുമ്പ് പറഞ്ഞിരുന്നത്. പുതിയൊരാളെ ജീവിതത്തിലേയ്ക്ക് കൂട്ടാമെന്ന് തീരുമാനിച്ചപ്പോള്‍ ഞാന്‍ നോക്കിയത് നമുക്ക് നമ്മളായി തന്നെ ഏത് സാഹചര്യത്തിലും ഇരിക്കാന്‍ സാധിക്കണം. അത് സപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ വരണമെന്നാണ് എന്ന് ഗോപികയും പറഞ്ഞിരുന്നു.
അവതരണവും സിനിമകളുമൊക്കെയായി ജിപിയും സജീവമാണ്. എം.ജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ജിപി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ താരം ജനപ്രീതി നേടി. ഡാഡികൂള്‍, ഐജി, വര്‍ഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകള്‍. കീ എന്ന ചിത്രത്തിലൂടെ തമിഴിലും അല വൈകുണ്ഡപുരമലു എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു.
അതുപോലെ സിനിമയില്‍ ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക. ഡോക്ടര്‍ കൂടിയായ ഗോപിക കോഴിക്കാടുകാരിയാണ്. ബാലേട്ടന്‍ അടക്കമുള്ള സിനിമകളില്‍ ഗോപികയും സഹോദരിയും അഭിനയിച്ചിട്ടുണ്ട്. ശിവം, മയിലാട്ടം, ഭൂമിയുടെ അവകാശികള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കബനി എന്ന സീരിയലിലാണ് ആദ്യം താരം നായിക വേഷം ചെയ്തത്. പിന്നീട് സാന്ത്വനം എന്ന സീരിയലിലേയ്ക്ക് എത്തുകയായിരുന്നു.