ഫ്‌ളോറിഡ: 19 അടി നീളവും 125 പൗണ്ട് ഭാരവുമുള്ള, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും നീളം കൂടിയ ബര്‍മീസ് പെരുമ്പാമ്പിനെ ‘ഗ്ലേഡ്‌സ് ബോയ്‌സ്’ എന്നറിയപ്പെടുന്ന ഫ്േളാറിഡ ജോഡി പിടികൂടി. നേപ്പിള്‍സ് സ്വദേശിയായ ജെയ്ക്ക് വാലേരി ജൂലൈ 10 ന് പുലര്‍ച്ചെ ഒരു മണിയോടെ ബിഗ് സൈപ്രസ് നാഷണല്‍ പ്രിസര്‍വില്‍ പാമ്പിനെ കണ്ടെത്തി. കടിക്കാന്‍ ശ്രമിച്ച കൂറ്റന്‍ പെരുമ്പാമ്പിനെ റോഡരികിലെ പുല്ലില്‍ നിന്ന് പുറത്തെടുക്കുന്നതും ഗുസ്തി പിടിക്കുന്നതും വീഡിയോയില്‍ കാണാം. വന്യജീവി ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തതനുസരിച്ച് പാമ്പിനെ ഇവര്‍ കൊന്നു.
ഒരു പ്രാദേശിക ലാഭരഹിത സ്ഥാപനമായ കണ്‍സര്‍വന്‍സി ഓഫ് സൗത്ത് വെസ്റ്റ് ഫ്േളാറിഡ പാമ്പിന്റെ വലുപ്പം സ്ഥിരീകരിച്ചു. ‘ഔദ്യോഗികമായി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ഇത്. 18 അടിയും 9 ഇഞ്ചും നീളമുള്ളതാണ് ഇതിന് മുമ്പു കണ്ടെത്തിയ ഏറ്റവും നീളം കൂടിയ ബര്‍മീസ് പെരുമ്പാമ്പ്,’ ഏജന്‍സി വ്യക്തമാക്കി.
ബര്‍മീസ് പെരുമ്പാമ്പുകള്‍ ഫ്‌ളോറിഡയില്‍ വളരെക്കാലമായി ഒരു അധിനിവേശ സ്പീഷീസാണ്. പ്രാഥമികമായി സൗത്ത് ഫ്‌ളോറിഡയിലെ എവര്‍ഗ്ലേഡ്‌സിലും പരിസരത്തും വസിക്കുന്ന വിഷരഹിതമായ ജീവികളാണിവ. മറ്റ് വന്യജീവികള്‍ക്ക് കാര്യമായ ഭീഷണി ഇവ ഉയര്‍ത്തുന്നു. സസ്തനികളെയും പക്ഷികളെയും ചീങ്കണ്ണികളെയും പോലും ഭക്ഷിക്കുന്നു. അതേസമയം മനുഷ്യരെ കൂടാതെ പ്രകൃതിദത്ത വേട്ടക്കാര്‍ കുറവാണ്. ഈ അപകടസാധ്യത കണക്കിലെടുത്ത് പാമ്പുകളെ പിടികൂടി മനുഷ്യത്വപരമായി കൊല്ലണമെന്ന് സ്‌റ്റേറ്റ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാമ്പുകളെ എങ്ങനെ തിരിച്ചറിയാമെന്നും കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും അവയെ എങ്ങനെ കൊല്ലാമെന്നും പഠിപ്പിക്കാന്‍ സംസ്ഥാനം ‘പൈത്തണ്‍ പട്രോള്‍’ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്യുന്നു.