അറ്റ്‌ലാന്റ: യാത്രക്കിടെ ആകാശമധ്യത്തില്‍ വിമാനത്തില്‍ യാത്രക്കാരന്റെ ബോംബ് ഭീഷണി. ബുധനാഴ്ച അറ്റ്‌ലാന്റയില്‍ നിന്ന് സിയാറ്റിലിലേക്കുള്ള അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്. ഒരു യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കുകയും തുടര്‍ന്ന് വാഷിംഗ്ടണിലെ സ്‌പോക്കെയ്‌നില്‍ വിമാനം ഇറക്കാന്‍ പൈലറ്റുമാര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. 38 കാരനായ ബ്രാന്‍ഡന്‍ സ്‌കോട്ടാണ് വിമാനത്തില്‍ ഭീഷണി മുഴക്കിയത്.
സിയാറ്റിലില്‍ എത്തുമ്പോള്‍ തന്നെ കൊല്ലാന്‍ ഒരു ‘ കാര്‍ട്ടല്‍’ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയതെന്ന് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പറയുന്നു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ കയ്യില്‍ വീട്ടില്‍ തന്നെ നിര്‍മ്മിച്ച സ്ഫോടക വസ്തുക്കളും ഒരു ഡിറ്റണേറ്ററും ഉണ്ടെന്ന് എഴുതിയ കുറിപ്പ് സ്‌കോട്ട് ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന് കൈമാറിയതായി കോടതി രേഖകള്‍ പറയുന്നു.
ഇത് തമാശയല്ല. വീട്ടിലുണ്ടാക്കിയ സ്ഫോടകവസ്തുക്കള്‍ എന്റെ ബാഗില്‍ ഉണ്ട്. എന്റെ പക്കല്‍ ഒരു ഡിറ്റണേറ്റര്‍ ഉണ്ട്. ഞാന്‍ പറയുന്നതുപോലെ ഈ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക, അല്ലാത്തപക്ഷം ഞാന്‍ സ്ഫോടകവസ്തുക്കള്‍ പൊട്ടിച്ച് വിമാനത്തിലുള്ള എല്ലാവരെയും കൊല്ലും.- കുറിപ്പില്‍ പറയുന്നു.
വിമാനം ‘മറ്റേതെങ്കിലും എയര്‍പോര്‍ട്ടിലേക്ക്’ തിരിച്ചുവിടണമെന്നായിരുന്നു സ്‌കോട്ട് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. പൈലറ്റിനെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെയും ഈ വിവരം അറിയിക്കണമെന്നും എന്നാല്‍ വിമാനത്തിനുള്ളിലുള്ള മറ്റുള്ളവരില്‍ നിന്നും ഭീഷണി മറച്ചുവക്കണമെന്നും സ്‌കോട്ട് കുറിപ്പില്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന് നിര്‍ദ്ദേശം നല്‍കിയതായി രേഖകള്‍ പറയുന്നു.
ഈ വിമാനം വഴിതിരിച്ചുവിടുക. നിര്‍ദേശം പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ഈ വിമാനത്തിലെ എല്ലാവരുടെയും ജീവന്‍ നഷ്ടപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. താന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യസ്ഥാനത്ത് വിമാനം എത്തുമ്പോള്‍ ‘സമാധാനപരമായി’ താന്‍ കീഴടങ്ങുമെന്നും ഇയാള്‍ അറിയിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കി.
സ്പോക്കനില്‍ വിമാനം എത്തിയയുടനെ സ്‌കോട്ടിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ബോംബ് സ്‌ക്വാഡ് നടത്തിയ തിരച്ചിലില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.