ഇസ്ലാമാബാദ്: കഴിഞ്ഞയാഴ്ച സ്റ്റോക്ക്‌ഹോമില്‍ ഇസ്ലാമിക വിശുദ്ധ ഗ്രന്ഥം കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വീഡന്‍ വിരുദ്ധ പ്രതിഷേധത്തിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് പാകിസ്ഥാനിലെ ജനങ്ങള്‍ വെള്ളിയാഴ്ച ‘ഖുര്‍ആനിന്റെ വിശുദ്ധ ദിനം’ ആചരിക്കാന്‍ റാലികള്‍ നടത്തി.
കിഴക്കന്‍ നഗരമായ ലാഹോറിലും രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലും ഏറ്റവും വലിയ സ്വീഡന്‍ വിരുദ്ധ റാലികള്‍ നടന്നു. തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഖുറാന്‍ പകര്‍പ്പുകള്‍ കൈവശം വച്ച അഭിഭാഷകര്‍ സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു, സ്വീഡനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളികള്‍ക്ക് പുറത്ത് വിശ്വാസികള്‍ ചെറിയ റാലികള്‍ നടത്തി.
വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ഒരു കൂട്ടം ന്യൂനപക്ഷ ക്രിസ്ത്യാനികളും ഖുറാന്‍ കത്തിച്ചതിനെ അപലപിച്ച് റാലി നടത്തി.ഖുറാന്‍ കത്തിച്ചതിനെ അപലപിച്ച് പാകിസ്ഥാനിലെ പ്രധാന റാഡിക്കല്‍ ഇസ്ലാമിസ്റ്റ് ജമാഅത്തെ ഇസ്ലാമി പാകിസ്ഥാന്‍ പാര്‍ട്ടിയുടെ പിന്തുണക്കാരും ലാഹോര്‍, കറാച്ചി, പെഷവാര്‍, ക്വറ്റ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും റാലികള്‍ നടത്തി.
ഇറാഖില്‍ നിന്നുള്ള ഒരു പൗരനാണ് ഈദ് അല്‍ അദ്ഹയില്‍ സ്റ്റോക്ക്‌ഹോമിലെ പള്ളിക്ക് പുറത്ത് ഖുറാന്‍ കത്തിച്ചത്. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മുതല്‍ മുസ്ലീം രാജ്യങ്ങളില്‍ രോഷം ആളിക്കത്തുകയാണ്.