ചെന്നൈ തിരുച്ചിറപ്പളളിയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. മുതിര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി. 15 വര്‍ഷം പഴക്കമുളള വിമാനത്തിന് മുമ്പ് രണ്ട് തവണയും സമാന പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
സാങ്കേതിക തകരാര്‍ സംഭവിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷമാണ് ഷാര്‍ജയില്‍ ഇറങ്ങേണ്ട വിമാനം തിരുച്ചിറപ്പളളിയില്‍ തന്നെ തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവാണ് സാങ്കേതിക തടസ്സത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ 15 വര്‍ഷം പഴക്കമുളള ഇതേ വിമാനത്തിന് മുമ്പ് രണ്ട് തവണയും സമാന പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.