ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേട് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. പുനപരീക്ഷ വേണോ എന്ന കാര്യത്തിലും സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. നീറ്റ് യുജി കൗണ്‍സലിംഗിന് അനുമതി നല്കുന്ന കാര്യത്തിലും തീരുമാനമെടുത്തേക്കും.
നീറ്റ് യുജി പരീക്ഷ റദ്ദാക്കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരും ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയും സുപ്രീംകോടതിയെ അറിയിച്ചത്. കൗണ്‍സിലിംഗിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതിലെ സൂത്രധാരന്‍ ഉള്‍പ്പടെയുള്ള പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും. ഗോധ്രയിലും പട്നയിലും മാത്രമാണ് ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് എന്‍ടിഎ നല്കിയ സത്യവാങ്മൂലം. പരീക്ഷയെഴുതിയ കുട്ടികളുടെ പ്രകടനം പരിശോധിച്ചു. ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്നും എന്‍ടിഎയുടെ വിശദീകരണത്തിലുണ്ട്.