മാനന്തവാടി : അഞ്ചാം ദിനവും പിടികൊടുക്കാതെ അടിക്കാടുകളില്‍ ഒളിച്ചു നടക്കുകയാണ് ബേലൂര്‍ മഖ്നയെന്ന കാട്ടാന. ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചിരിക്കുകയാണ് മയക്കുവെടി ദൗത്യ സംഘം.അതേസമയം രാത്രി കാല പെട്രോളിങ്ങ് തുടരും.വയനാട്ടില്‍ ഒന്നടങ്കം ഭീതി പടര്‍ത്തിയ ആനയെ പിടിക്കാന്‍ കര്‍ണാടകയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘവും റേഞ്ച് ഓഫിസര്‍ നരേഷിന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘവും കേരള വനംവകുപ്പിന്റെ സംഘത്തോടൊപ്പം ഇന്ന് ചേര്‍ന്നിരുന്നു.
വ്യാഴാഴ്ച കാട്ടിക്കുളത്തെത്തിയ ഇവര്‍ ഇനി മൂന്ന് സംഘമായി തിരിഞ്ഞാണ് ആനയെ പിടികൂടാനായുള്ള പദ്ധതികള്‍ നടത്തുക. ഓരോ ടീമിലും കേരളത്തിലും കര്‍ണാടകയില്‍ നിന്നുമുള്ള അംഗങ്ങളുണ്ടാകും. നവംബര്‍ 30ന് ബേലൂരില്‍ വച്ച് ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ച് പിടികൂടിയ സംഘത്തിലുള്ളവരാണ് കാട്ടിക്കുളത്ത് എത്തിയിരിക്കുന്നത്.
വ്യാഴാഴ്ച മയക്കുവെടി ദൗത്യ സംഘം ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ നിലയുറപ്പിച്ച ആനയുടെ 50 മീറ്റര്‍ അടുത്ത് വരെ എത്തിയിരുന്നു. നിലവില്‍ ഡ്രോണ്‍ ഉപയോഗിച്ചിട്ടും ആനയെ കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ബേലൂര്‍ മഖ്നയ്ക്കൊപ്പം മോഴയാന ഇന്നും കൂടെയുള്ളതാണ് മയക്കുവെടി ദൗത്യം പ്രതിസന്ധിയിലാക്കുന്നത്.
ഇന്ന് അവസാനിപ്പിച്ച ദൗത്യം വെള്ളിയാഴ്ച വീണ്ടും തുടരും. 200 പേരടങ്ങുന്ന വനപാലക സംഘമാണ് ആനയെ പിടിക്കാനായി അഞ്ച് ദിവസമായി ശ്രമിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള സംഘം കൂടി എത്തിയതോടെ അടുത്ത ദിവസം തന്നെ ആനയെ മയക്കുവെടിവച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. കൂടാതെ വെള്ളിയാഴ്ച ദൗത്യ സംഘത്തോടൊപ്പം ഡോ അരുണ്‍ സക്കറിയയും ചേരും.