പ്രശസ്ത കോളമിസ്റ്റായ ഫവാസ് ജലീലിന്റെ ആദ്യ നോവൽ സംരംഭമായ നോബഡി ലൈക്സ് ആൻ ഔട്സൈഡർ ഓഡിയോ ബുക്കായി കുക്കു എമ്മിലൂടെ പുറത്തുവരുന്നു. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് നോവൽ കേൾക്കാനാകുക. ഇത് സംബന്ധിച്ച ധാരണയിലെത്തിയതായി കുക്കു എഫ് എം പ്രതിനിധികൾ അറിയിച്ചു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസത്തിനുള്ളിൽ ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ ഉൾപ്പെട്ട നോബഡി ലൈക്സ് ആൻ ഔട്സൈഡർ ഫിക്ഷനും നോൺ ഫിക്ഷനും ഇടകലർത്തിയുള്ള എഴുത്ത് രീതിയാണ് അവലംബിച്ചിട്ടുള്ളത്. രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ ദുരൂഹ മരണവും അതേത്തുടർന്നുള്ള അന്വേഷണവുമാണ് നോവലിന്റെ ഇതിവൃത്തം. രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തെത്തുടർന്ന് നാട്ടിൽ അരങ്ങേറുന്ന സംഭവങ്ങളെ അത്യന്തം ഉദ്വേഗത്തോടെയാണ് നോവലിൽ പ്രതിപാദിച്ചിട്ടുള്ളത്.
“പുതിയ കാലഘട്ടത്തിലെ, തിരക്ക്പിടിച്ച ജീവിത രീതിയിൽ കൂടുതൽ ആളുകളും കുക്കു എഫ് എം പോലുള്ള പ്ലാറ്റ്ഫോമിലൂടെയാണ് നോവലുകൾ ആസ്വദിക്കുന്നത്. അതിനാൽത്തന്നെ, കുക്കു എഫ് എമ്മിലൂടെ നോബഡി ലൈക്സ് ആൻ ഔട്സൈഡർ പൂത്തിറങ്ങുന്നതോടെ നോവൽ കൂടുതൽ പേരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.” കഥാകൃത്ത് ഫവാസ് ജലീൽ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ നോവലിന്റെ വലിയ വിജയമാണ് മറ്റ് ഭാഷകളിലേക്കും തർജ്ജിമ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ത്രില്ലർ വിഭാഗത്തിൽപെടുന്ന നോബഡി ലൈക്സ് ആൻ ഔട്സൈഡറിന്റെ പ്രസാധകർ കലമോസ് ലിറ്റററി സർവീസസ് ആണ്.