കൊച്ചി: അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്ത ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ നിര്‍മാതാക്കള്‍ സ്‌കൂട്ടറിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും 45 ദിവസത്തിനകം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം ആലുവ സ്വദേശി നീനു ശശീന്ദ്രന്‍ ബാംഗ്ലൂരിലെ ഒല ഇലക്ട്രിക് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2021 ഒക്ടോബര്‍ മാസത്തിലാണ് അഡ്വാന്‍സ് നല്‍കി പരാതിക്കാരി സ്‌കൂട്ടര്‍ ബുക്ക് ചെയ്തത്. ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് ബുക്കുചെയ്തത്. എന്നാല്‍ ആ മോഡല്‍ ലഭ്യമല്ല എന്ന് എതിര്‍കക്ഷി പിന്നീട് അറിയിച്ചു. തുടര്‍ന്ന് പുതിയ മോഡല്‍ ബുക്ക് ചെയ്തു. 1,15,332/ രൂപയും നീനു ശശീന്ദ്രന്‍ നല്‍കി. സ്‌കൂട്ടര്‍ പുതിയത് ലഭിക്കുമെന്ന ഉറപ്പു വിശ്വസിച്ച് നിലവിലുണ്ടായിരുന്ന പെട്രോള്‍ സ്‌കൂട്ടര്‍ വില്‍ക്കുകയും ചെയ്തു.
എന്നാല്‍ മുപ്പതിനായിരം രൂപ കൂടി അധികമായി നല്‍കണമെന്ന് കമ്പനി പിന്നീട് നീനു ശശീന്ദ്രനെ അറിയിച്ചു. ഇത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് പരാതിപ്പെട്ടാണ് പരാതിക്കാരി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. എന്നാല്‍ വെബ്‌സൈറ്റില്‍ ഉണ്ടായ സാങ്കേതിക പിഴവുമൂലമാണ് ഇത് സംഭവിച്ചതെന്നും പണം തിരിച്ചു നല്‍കാന്‍ തയ്യാറാണെങ്കിലും അത് വാങ്ങാന്‍ പരാതിക്കാരി തയ്യാറായില്ലെന്നും എതിര്‍കക്ഷി ബോധിപ്പിച്ചു. തങ്ങള്‍ക്ക് പറ്റിയ സാങ്കേതിക പിഴവ് മുതലെടുത്ത് കൂടുതല്‍ പണം നേടാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും അവര്‍ വാദിച്ചു.
എന്നാല്‍ എതിര്‍കക്ഷിയുടെ വാദം നിലനില്‍ക്കുന്നതല്ല എന്ന് ഉപഭോക്തൃ കോടതി ഉത്തരവില്‍ വിലയിരുത്തി. ‘വാഗ്ദാനം ചെയ്ത ഉല്‍പന്നം യഥാസമയം നല്‍കുന്നതില്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കള്‍ വീഴ്ചവരുത്തി. മാത്രമല്ല കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു. ‘പ്രതിബദ്ധതയും സുതാര്യതയും വ്യാപാര രംഗത്ത് അവശ്യം വേണ്ടതാണെന്ന ബോധ്യവും നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകണമെന്ന് ഡി.ബി ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് ഓര്‍മ്മിപ്പിച്ചു.
സ്‌കൂട്ടറിന്റെ വിലയായ 1,15,332/ രൂപ 9ശതമാനം പലിശ സഹിതം പരാതിക്കാരിക്ക് നല്‍കണം. കൂടാതെ നഷ്ടപരിഹാരമായി 25000 രൂപയും കോടതി ചെലവിനത്തില്‍ 10,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരിക്ക് നല്‍കാനും ഉപഭോക്തൃകോടതി ഉത്തരവ് നല്‍കി.