പൊതുതിരഞ്ഞെടുപ്പ് ദിവസത്തിൽ പാകിസ്താനിൽ വെടിവെയ്പ്പ്. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കനത്ത സുരക്ഷയില്‍ പാകിസ്താന്‍ ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടരുകയാണ്. ദേശീയ കൗണ്‍സിലിലെ 336 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് എന്‍, ഇമ്രാന്‍ ഖാന്റെ പിടിഐ എന്നീ പാര്‍ട്ടികളാണ് അധികാരത്തിന് വേണ്ടി മത്സരിക്കുന്നത്. അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സുരക്ഷയുമായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങള്‍. അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് ദിവസം രാജ്യത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇന്റര്‍നെറ്റ് തടഞ്ഞ നടപടിയെ പിടിഐ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് ദിവസം ഇന്റര്‍നെറ്റ് തടഞ്ഞ നടപടി രാജ്യത്തിന് നാണക്കേട് ആണെന്നും ഡിജിറ്റല്‍ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും ഇമ്രാന്‍ ഖാന്റെ പിടിഐ പ്രതികരിച്ചു.