കരുക്കൾ കൊണ്ട് അശ്വമേധം ജയിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന് രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹം. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗുകേഷ് പരാജയപ്പെടുത്തിയത്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കിയിരുന്നു.
‘ഗുകേഷ് ഡി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ. താങ്കളുടെ വിജയത്തിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. നിങ്ങൾ കാരണം ലോകം മുഴുവൻ ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. ജയ് ഹിന്ദ്’ എന്നാണ് അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചത്.
ലോക ചെസ്സ് ചാമ്പ്യൻഷിപ്പിലെ അസാധാരണമായ വിജയത്തിന് ഗുകേഷിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ എന്ന് മോഹൻലാൽ കുറിച്ചു. നിങ്ങളുടെ മിടുക്ക് ചരിത്രം തിരുത്തിയെഴുതിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി. എക്കാലത്തെയും പ്രായം കുറഞ്ഞ ചാമ്പ്യനാണ് നിങ്ങൾ, എന്നെന്നും സ്മരിക്കപ്പെടുന്ന ഒരു നിമിഷമാണിത് എന്നും അദ്ദേഹം എഴുതി.
ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനായതിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമെത്തി. നിങ്ങളുടെ ശ്രദ്ധേയമായ നേട്ടം ഇന്ത്യയുടെ സമ്പന്നമായ ചെസ്സ് പാരമ്പര്യം തുടരുന്നതിന് സഹായിച്ചിരിക്കുകയാണ്. മറ്റൊരു ചാമ്പ്യനെക്കൂടി സൃഷ്ടിച്ചു കൊണ്ട് ആഗോള ചെസ്സ് മേഖലയിൽ ഇന്ത്യ അതിന്‍റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിക്കാലത്ത് മാഗ്‌നസ് കാള്‍സനെ ആരാധിച്ചാണ് ഗുകേഷ് വളര്‍ന്നത്. അതേ കാള്‍സനെ പോലെ വിശ്വജേതാവാകുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ജനനം. അച്ഛന്‍ ഇഎന്‍ടി സര്‍ജന്‍. അമ്മ മൈക്രോ ബയോളജിസ്റ്റ് . കളി പഠിച്ച് ആറ് മാസത്തിനകം തന്നെ ഫിഡേ റേറ്റിങിലുള്ള താരമായി മാറി. 12 വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററാകുന്ന രണ്ടാമത്തെ താരമായി. 17 ദിവസത്തിന്‍റെ വ്യത്യാസത്തിലാണ് ഗുകേഷിന് അന്ന് റെക്കോര്‍ഡ് നഷ്ടമായത്.